ബിജെപി മത്സരിക്കുന്ന തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട്, തൃശൂര്‍ മണ്ഡലങ്ങളില്‍ മാത്രമാണ് ആര്‍എസ്‌എസ് സ്വന്തം സ്ഥാനാര്‍ഥിക്കു വേണ്ടി സജീവമായി രംഗത്തുള്ളത്.ബിഡിജെഎസ് മത്സരിക്കുന്ന വയനാട് ഒഴികെയുള്ള മണ്ഡലങ്ങളില്‍ ആര്‍എസ്‌എസ്- ബിജെപി നേതാക്കളുടെ സാന്നിധ്യം പോലുമില്ല. അതിനിടെ കൊല്ലത്ത് വോട്ട് മറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന വിവരം യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് പി എസ് പ്രശാന്ത് പരസ്യമാക്കി. ഇതേത്തുടര്‍ന്ന് സംസ്ഥാന നേതൃത്വം അടിയന്തരയോഗം വിളിച്ചിരിക്കുകയാണ്.
കണ്ണൂര്‍, വടകര, കോഴിക്കോട്, എറണാകുളം, കൊല്ലം മണ്ഡലങ്ങളില്‍ വോട്ട് കച്ചവടം ഉറപ്പിച്ചിട്ടുണ്ടെന്ന് പ്രചാരണത്തിെന്റ തുടക്കത്തില്‍ തന്നെ ആരോപണം ഉണ്ടായിരുന്നു. കണ്ണൂര്‍ മണ്ഡലത്തിലെ ധാരണ ശബരിമല കര്‍മസമിതി നേതാവ് സ്വാമി ചിദാനന്ദപുരി തന്നെ കഴിഞ്ഞദിവസം ചാനല്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി. എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്കു പുറമെ കണ്ണൂരില്‍ കെ സുധാകരന് വോട്ട് നല്‍കണമെന്നാണ് ചിദാനന്ദപുരി ചാനലില്‍ പരസ്യമായി പറഞ്ഞത്.
ബിജെപി പ്രവര്‍ത്തനരംഗത്ത് ഇല്ലാത്തതിനെക്കുറിച്ച് ആലത്തൂര്‍, മാവേലിക്കര, ഇടുക്കി മണ്ഡലങ്ങളിലെ ബിഡിജെഎസ് സ്ഥാനാര്‍ഥികള്‍ നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ട്. ഈ മണ്ഡലങ്ങളിലെ ആര്‍എസ്‌എസ്- ബിജെപി പ്രവര്‍ത്തകര്‍ ഗ്രൂപ്പു തിരിഞ്ഞ് സ്വന്തം സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന മണ്ഡലങ്ങളിലേക്ക് പോയിരിക്കുകയാണ്. തിരുവനന്തപുരത്തും പത്തനംതിട്ടയിലും പ്രവര്‍ത്തകരിലേറെയും മറ്റു ജില്ലകളില്‍ നിന്നുള്ളവരാണ്. വി മുരളീധരനെ അനുകൂലിക്കുന്നവര്‍ പാലക്കാട്ടും പത്തനംതിട്ടയിലും ചേക്കേറി.
മുരളീധര ഗ്രൂപ്പുകാരാണ് ഈ രണ്ടു മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികള്‍. ആര്‍എസ്‌എസിന്റെ നോമിനി മത്സരിക്കുന്ന തിരുവനന്തപുരത്താണ് ആര്‍എസ്‌എസിന്റെ പ്രമുഖ പ്രവര്‍ത്തകരെല്ലാം കേന്ദ്രീകരിച്ചിരിക്കുന്നത്. തങ്ങളോടൊപ്പം കൂടുതല്‍ ജനങ്ങളുണ്ടെന്നു കാണിക്കാനുള്ള കുതന്ത്രവും ഇതിനു പിന്നിലുണ്ട്. മറ്റു മണ്ഡലങ്ങളിലെ പ്രവര്‍ത്തനം മന്ദീഭവിപ്പിച്ച് യുഡിഎഫിനെ സഹായിക്കുക എന്ന ആര്‍എസ്‌എസ് തന്ത്രത്തിന്റെയും ഭാഗമാണ് ചില മണ്ഡലങ്ങളിലെ പ്രവര്‍ത്തകരുടെ കേന്ദ്രീകരണം.
ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് മത്സരിക്കുന്ന കണ്ണൂരില്‍ യുഡിഎഫിന് വോട്ട് ചെയ്യണമെന്ന ചിദാനന്ദപുരിയുടെ പരസ്യപ്രസ്താവന ബിജെപി നേതൃത്വത്തെ വെട്ടിലാക്കി. അതുപോലെ ബിഡിജെഎസ് നേതാക്കളുടെ പരാതിയും സംഘപരിവാര്‍- യുഡിഎഫ് ഒത്തുകളി വെളിവാക്കുന്നതാണ്. ബിജെപിയുടെ വോട്ട് സ്വന്തം സ്ഥാനാര്‍ഥിക്കു തന്നെ ലഭിക്കുമെന്ന് ഉറപ്പുണ്ടോയെന്നും കഴിഞ്ഞ തവണ ലഭിച്ച വോട്ട് ഇത്തവണ ലഭിക്കുമോ എന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യത്തോട് ബിജെപി നേതാക്കളാരും പ്രതികരിച്ചിട്ടില്ല.