തൃശൂർ : ചേലക്കര നിയോജക മണ്ഡലത്തിൽ സ്മാർട്ട് ക്ലാസ് മുറികൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി സർക്കാർ എയ്ഡഡ് മേഖലയിലെ 57 എൽ പി സ്‌കൂളുകളിൽ 377 ലാപ്‌ടോപ്പുകളും 143 പ്രൊജക്ടറുകളും 377 സ്പീക്കറുകളും അനുവദിച്ചതായി യു ആർ പ്രദീപ് എംഎൽഎ അറിയിച്ചു. കിഫ്ബിയുടെ സഹായത്തോടെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ടാണ് ലാപ്‌ടോപ് ഉൾപ്പെടെയുള്ള ആധുനിക സാങ്കേതിക സൗകര്യങ്ങൾ ഏർപ്പെടുത്തുന്നത്.
കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ (കൈറ്റ്) മുഖേനയാണ് സ്മാർട്ട് ക്ലാസ് ഉപകരണങ്ങൾ ലഭ്യമാക്കുന്നത്. 2018-19 സാമ്പത്തിക വർഷത്തിൽ 8 മുതൽ 12 ക്ലാസ്സ് വരെയുള്ള എല്ലാ ക്ലാസ് മുറികളും സ്മാർട്ട് ക്ലാസ് മുറികളായി മാറ്റുന്നതിന്റെ ഭാഗമായി 404 ലാപ്‌ടോപ്പുകൾ, 304 പ്രൊജക്ടർ, 24 പ്രിന്റർ, 26 ഡിജിറ്റൽ കാമറ, 26 വെബ്കാമറ, 25 ടി.വി എന്നിവ അനുവദിച്ചു നൽകിയിരുന്നു. ഇതോടെ മണ്ഡലത്തിലെ എല്ലാ എൽപി-യുപി-ഹൈസ്‌കൂളുകളിലും ഹയർ സെക്കണ്ടറി സ്‌കൂളുകളിലും സ്മാർട്ട് ക്ലാസ് മുറികൾ ലഭ്യമാക്കുന്നതിന് കഴിഞ്ഞതായി യു ആർ പ്രദീപ് പറഞ്ഞു.
പ്രളയം: കൊടുങ്ങല്ലൂരിൽ ക്ഷീരകർഷകർക്ക് ആനുകൂല്യങ്ങൾപ്രളയത്തിൽ ദുരിതമനുഭവിച്ച ക്ഷീരകർഷകർക്കായി കൊടുങ്ങല്ലൂർ നഗരസഭ മൃഗ സംരക്ഷണ വകുപ്പുമായി ചേർന്ന് ആനുകൂല്യങ്ങൾ വിതരണം ചെയ്തു. നഗരസഭ ചെയർമാൻ കെ.ആർ.ജൈത്രൻ വിതരണോദ്ഘാടനം നിർവ്വഹിച്ചു. പശുക്കൾക്കുള്ള കാലിത്തീറ്റ, മരുന്ന്, വിറ്റാമിനുകൾ, ധാതുലവണ മിശ്രിതം എന്നിവയാണ് കർഷകർക്ക് വിതരണം ചെയ്തത്. കഴിഞ്ഞ പ്രളയത്തിൽ ദുരിതമനുഭവിച്ച കൃഷിക്കാർക്ക് ആട് വളർത്തലിന് 60,000 രൂപ സഹായം നൽകുന്ന പദ്ധതി ഈ വർഷം നടപ്പിലാക്കും. പുല്ലൂറ്റ് മൃഗാസ്പത്രിയിൽ നടന്ന ചടങ്ങിൽ വൈസ് ചെയർപേഴ്‌സൺ ഹണി പീതാംബരൻ അദ്ധ്യക്ഷത വഹിച്ചു. വെറ്ററിനറി ഡോക്ടർമാരായ ഡോ. ബീന, ഡോ.ലാല എന്നിവർ പ്രസംഗിച്ചു.