ചൊവ്വയിലെ രഹസ്യങ്ങള്‍ ഇനി ഭൂമിയിലെത്തില്ല ;​ നാസ അയച്ച ഓപ്പര്‍ച്യൂണിറ്റി റോവര്‍ പ്രവ‌ര്‍ത്തന രഹിതം .

323

ലോസ് ആഞ്ചല്‍സ്: പതിനഞ്ച് വര്‍ഷം മുന്‍പ് ചൊവ്വയുടെ രഹസ്യങ്ങള്‍ കണ്ടെത്താനായി നാസ അയച്ച ഓപ്പര്‍ച്യൂണിറ്റി റോവര്‍ പ്രവ‌ര്‍ത്തന രഹിതമായെന്ന് നാസ പ്രഖ്യാപിച്ചു. ചൊവ്വയിലെ പൊടിക്കാറ്റിനെ തുടര്‍‌ന്നാണ് റോവര്‍ പ്രവര്‍ത്തനരഹിതമായത്. ബുധനാഴ്ച കാലിഫോര്‍ണിയയിലെ പാസഡീനയിലുള്ള നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് നാസ ഇക്കാര്യം വ്യക്തമാക്കിയത്.

നാസ ചൊവ്വാഴ്ച റോവറുമായി ബന്ധപ്പെടാനുള്ള അവസാന ശ്രമം നടത്തിയെങ്കിലും അത് പരാജയപ്പെടുകയായിരുന്നു. 2018 ജൂണ്‍ പത്തിനാണ് റോവര്‍ ഓപ്പര്‍ച്യൂണിറ്റി ഭൂമിയുമായി ഏറ്റവും ഒടുവില്‍ ആശയവിനിമയം നടത്തിയത്. ചൊവ്വയിലുണ്ടായ ശക്തമായ പൊടിക്കാറ്റ് മൂലം സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന റോവറിന്റെ മുകളില്‍ സൂര്യപ്രകാശം ലഭിക്കാതെയായിരുന്നു. ജൂണ്‍ ആദ്യവാരത്തോടെ ഓപ്പര്‍ച്ചൂണിറ്റിയിലെ ചാര്‍ജ്ജ് ക്രമാതീതമായി കുറയുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ആവശ്യമായ ചാര്‍ജ്ജ് ശേഖരിക്കാനും റോവര്‍ ശ്രമം നടത്തിയെങ്കിലും അത് പരാജയപ്പെടുകയും ജൂണ്‍ പത്തോട് കൂടി റോവറിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നിലയ്ക്കുകയും ചെയ്തു.

റോവറിന്റെ ചാര്‍ജ്ജ് 24 വോള്‍ട്ടിലും കുറഞ്ഞിട്ടുണ്ടാവുമെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു മിഷന്‍ ക്ലോക്ക് ഒഴികെ എല്ലാ ഉപസംവിധാനങ്ങളും നിശ്ചലമാവുന്ന ലോ പവര്‍ ഫോള്‍ട്ട് മോഡിലേക്ക് റോവര്‍ മാറിയിട്ടുണ്ടാവാം എന്നുമുള്ള അനുമാനത്തിലായിരുന്നു ഗവേഷകര്‍. അന്നുമുതല്‍ ഇന്നുവരെ റോവറുമായി നിരവധി തവണ ബന്ധപ്പെടാന്‍ ഗവേഷകര്‍ ശ്രമിച്ചിരുന്നു. ആയിരക്കണക്കിന് കമാന്റുകള്‍ റോവറിലേക്ക് അയച്ചിരുന്നെങ്കിലും ഒന്നിനും പ്രതികരണമുണ്ടായില്ല.

2004 ജനുവരിയിലാണ് ഓപ്പര്‍ച്ചൂണിറ്റി റോവര്‍ ചൊവ്വയിലിറങ്ങിയത്. ചൊവ്വയിലെ ജലസാന്നിധ്യത്തെകുറിച്ച്‌ പഠിക്കുകയായിരുന്നു റോവറിന്റെ ലക്ഷ്യം.90ദിവസത്തെ പര്യവേഷണത്തിനെത്തിയ റോവര്‍ 15 വര്‍ഷമാണ് ചൊവ്വയില്‍ ചിലവിടുകയും ഇതിനോടകം 45 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുകയും ചെയ്തു. റോവറിന്റെ കണ്ടെത്തലുകലെ പ്രശംസിച്ചും പ്രവര്‍ത്തനം അവസാനിപ്പിച്ചതില്‍ അല്പം ദുഖത്തോടെയുമാണ് നാസ ട്വീറ്ററില്‍ റോവറിന് വിടപറഞ്ഞത്. റോവറിന്റെ കണ്ടെത്തലും സഞ്ചാരവും ചേര്‍ത്ത് നാസ ഒരു വീഡിയോയും പോസ്റ്റ്‌ ചെയ്തിരുന്നു.

NO COMMENTS