ഇടുക്കി: ആകാശവും കടലും കേന്ദ്രം അദാനി ഗ്രൂപ്പിന് വിറ്റു. വിമാനത്താവള ലേലത്തില്‍ വന്‍ അഴിമതി നടന്നിട്ടുണ്ട്. കേരളത്തിന്റെ എതിര്‍പ്പ് കണക്കിലെടുത്തു അദാനി സ്വയം പിന്മാറണമെന്നും ഇല്ലെങ്കില്‍ വിഴിഞ്ഞം നടത്തിപ്പില്‍ ഇത് ബാധിക്കുമെന്നും തിരുവനന്തപുരം വിമാനത്താവളം ടെന്‍ഡറില്‍ അദാനി ഗ്രൂപ്പിന് മുന്‍തൂക്കം കിട്ടിയത് ദുരൂഹമെന്നും കേന്ദ്ര സര്‍ക്കാര്‍ അദാനി ഗ്രൂപ്പിനായി ഒത്തുകളിച്ചുവെന്നും സിപിഎം സംസ്ഥാന അധ്യക്ഷന്‍ കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു.
ലേലം പ്രഹസനമായിരുന്നു. കേരള സര്‍ക്കാറിന്‍റെ ആവശ്യങ്ങള്‍ പരിഗണിച്ചില്ല. തിരുവനന്തപുരം അടക്കം അഞ്ച് വിമാനത്താവളങ്ങളുടെ സാമ്ബത്തിക ലേലത്തില്‍ അദാനി ഗ്രൂപ്പാണ് ഏറ്റവും ഉയര്‍ന്ന തുക നിര്‍ദ്ദേശിച്ചത്. സംസ്ഥാന സര്‍ക്കാരിന് കീഴിലെ കമ്ബനിയായ കെഎസ്‌ഐഡിസിക്ക് രണ്ടാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ. സ്വകാര്യവത്കരണ നീക്കത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയതോടെ സിയാല്‍ മാതൃകയില്‍ കമ്ബനി രൂപീകരിച്ച് വിമാനത്താവളം ഏറ്റെടുക്കാനായിരുന്നു സംസ്ഥാന സര്‍ക്കാരിന്‍റെ ശ്രമം.
തിരുവനന്തപുരത്ത് മാത്രമല്ല മംഗലാപുരം, അഹമ്മദാബാദ്, ജയ്പൂര്‍, ലഖ്നൗ, എന്നിവടങ്ങളിലെ വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്നതിന്‍റെ ഭാഗമായ ലേലത്തിലും വന്‍ തുക നിര്‍ദ്ദേശിച്ച് അദാനി ഒന്നാമതാണ്. രേഖകളുടെ പരിശോധനക്ക് ശേഷം സ്വകാര്യവല്‍ക്കരണം സമബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വ്യാഴാഴ്ച നടക്കും. അതേസമയം തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുന്നതിന് എതിരെ എല്‍ഡിഎഫ് ശക്തമായ സമരത്തിലാണ്.