തിരുവനന്തപുരം : ഇന്ത്യയിലാദ്യമായി എല്ലാ പദ്ധതികളും സോഷ്യല്‍ ഓഡിറ്റ് പൂര്‍ത്തിയാക്കിയ തദ്ദേശസ്വയംഭരണ സ്ഥാപനമായി നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്. സോഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് പ്രകാശനവും പ്രാദേശിക വികസന ഉച്ചകോടിയും ദേവസ്വം-സഹകരണം-ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. ത്രിതല പഞ്ചായത്ത് സംവിധാനത്തില്‍ ബ്ലോക്ക് പഞ്ചായത്തിനും ഇടമുണ്ടെന്ന് നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് തെളിയിച്ചതായി മന്ത്രി പറഞ്ഞു.
ജൈവഗ്രാമം, കിളളിയാര്‍ മിഷന്‍ ഉള്‍പ്പടെ 35 പദ്ധതികളാണ് സാമൂഹ്യ അവലോകനത്തിന് വിധേയമാക്കിയത്. 10 ടീമുകളുടെ നേതൃത്വത്തില്‍ മേഖലാടിസ്ഥാനത്തിലാണ് സാമൂഹ്യ അവലോകനം നടന്നത്. ജനകീയ സഭ ചേര്‍ന്നും നേരിട്ട് ഗുണഭോക്താക്കളുമായി സംവദിച്ചും ആറു മാസക്കാലം കൊണ്ടാണ് ഈ പ്രക്രിയ പൂര്‍ത്തിയാക്കിയത്.
നൂറിലധികം സന്നദ്ധ പ്രവര്‍ത്തകരും വിദഗ്ധരും അടങ്ങുന്ന സംഘം നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് ഡിസംബറില്‍ നടന്ന ബ്ലോക്ക് സോഷ്യല്‍ ഓഡിറ്റ് സഭയില്‍ അവതരിപ്പിച്ചിരുന്നു. ചര്‍ച്ചകള്‍ നടത്തി കരട് റിപ്പോര്‍ട്ട് അംഗീകരി ക്കുകയും ചെയ്തു.
റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചതിനുസരിച്ച് ബ്ലോക്ക് പഞ്ചായത്ത് പദ്ധതികളില്‍ കണ്ട കുറവുകള്‍ കൃത്യസമയത്ത് പരിഹരിച്ചും മാതൃകയായി. മുന്‍ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ്, കില ഡയറക്ടര്‍ ഡോ.ജോയ് ഇളമണ്‍, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.ബിജു തുടങ്ങിയവര്‍ പങ്കെടുത്തു.