കേരളീയ യുവത്വത്തിന്റേത് ശക്തമായ ജനകീയ അടിത്തറ-സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ.

115

തിരുവനന്തപുരം : കേരളീയ യുവത്വത്തിന്റേത് ശക്തമായ ജനകീയ അടിത്തറയാണെന്നും ശരിയായ പ്രചോദനം ഉണ്ടായാൽ മണ്ണോടു ചേർന്നു നിൽക്കുന്ന ശക്തിയും സ്‌നേഹവും ഒത്തൊരുമയും അവർ പ്രകടിപ്പിക്കുമെന്നും സ്പീക്കർ പി. ശ്രീരാമ കൃഷ്ണൻ. തിരുവനന്തപുരത്ത് സൂര്യകാന്തിയിൽ രണ്ടാംഘട്ട പരിശീലനം പൂർത്തിയാക്കിയ കേരള വോളന്ററി യൂത്ത് ആക്ഷൻ ഫോഴ്‌സിന്റെ പാസിങ് ഔട്ട് പരേഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവത്വത്തിന്റെ സാമൂഹിക പ്രതിബദ്ധതയും ഉത്തരവാദിത്വവുമാണ് കഴിഞ്ഞ രണ്ടു പ്രളയകാലത്തും കാണാനായത്. സന്നദ്ധ പ്രവർത്തനത്തിന്റെ പാഠങ്ങളും മനോഭാവവും വളർത്തിയെടുക്കുന്നതിനുതകുന്ന പരിശീലനമാണ് യൂത്ത് ആക്ഷൻ ഫോഴ്‌സിലുള്ളവർക്ക് ലഭിച്ചിരിക്കുന്നത്.

സ്വയം ന്യൂക്ലിയസായി കേരളത്തിലെയും ഇന്ത്യയിലെയും സന്നദ്ധ യുവജന പ്രസ്ഥാനങ്ങൾക്ക് മാതൃകയായി യൂത്ത് ആക്ഷൻ ഫോഴ്‌സ് മാറണമെന്നും സ്പീക്കർ പറഞ്ഞു. സന്നദ്ധ സേനയ്ക്കുള്ള മാർഗരേഖയും അദ്ദേഹം പ്രകാശനം ചെയ്തു. ഉദ്ഘാടനത്തിനു മുന്നോടിയായി നടന്ന പാസിങ് ഔട്ട് പരേഡിൽ സ്പീക്കറും മന്ത്രി കടകംപള്ളി സുരേന്ദ്രനും സല്യൂട്ട് സ്വീകരിച്ചു.

പ്രളയകാലത്ത് ദുരിതാശ്വാസ പ്രവർത്തന രംഗത്ത് നിരന്ന യുവജനങ്ങളെ ഉൾപ്പെടുത്തി സംസ്ഥാന യുവജനക്ഷേമ ബാർഡ് രൂപീകരിച്ച സന്നദ്ധ സേവന സേനയുടെ മൂന്നാംഘട്ട പ്രവർത്തനങ്ങൾ പഞ്ചായത്തുകളിൽ ആരംഭിക്കുന്ന തിന്റെ ഭാഗമായാണ് പരിശീലനം സംഘടിപ്പിച്ചത്. തിരഞ്ഞെടുത്ത 405 പേർക്കായിരുന്നു പരിശീലനം. ഇവർ പഞ്ചായത്ത് തലത്തിൽ സേനാംഗങ്ങൾക്ക് പരിശീലനം നൽകും.

18 മുതൽ 25 വരെയുള്ള യുവതിയുവാക്കളാണ് സേനയിലുള്ളത്. കായിക പരിശീലനത്തോടൊപ്പം കുടിവെള്ള സംരക്ഷണം, പരിസ്ഥിതി സംരക്ഷണം, മാലിന്യ നിർമാർജനം എന്നിവയിൽ ബോധവത്ക്കരണ ക്ലാസുകളും ഇവർക്ക് നൽകി.സേനയിൽ അംഗങ്ങളായ ഒരു ലക്ഷം പേരിൽ നിന്ന് തെരഞ്ഞെടുത്ത 1400 പേർക്ക് നേരത്തെ തിരുവനന്ത പുരത്തും മൂന്നാറും വെച്ച് പരിശീലനം നൽകിയിരുന്നു.

യുവജനക്ഷേമബോർഡ് അംഗം സന്തോഷ് കാല അധ്യക്ഷത വഹിച്ചു. യുവജനക്ഷേമബോർഡ് വൈസ് ചെയർമാൻ പി.ബിജു, യുവജന കമ്മീഷൻ ചെയർപേഴ്‌സൺ ചിന്ത ജെറോം, പരിശീലകരായ വിനോദ്കുമാർ. വി.വി, ആന്റണി ജെ. ഗിൽബർട്ട്, ആർ. മോഹൻ, തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ആർ.എസ്. കണ്ണൻ, മെമ്പർ സെക്രട്ടറി മിനിമോൾ എബ്രഹാം തുടങ്ങിയവർ സംബന്ധിച്ചു.

NO COMMENTS