തിരുവനന്തപുരം ; ട്രാവൻകൂർ ടൈറ്റാനിയം ജോലി വാഗ്‌ദാനം ചെയ്‌ത് പണം തട്ടിയ കേസിൽ അറസ്റ്റിലായ മുഖ്യസൂത്രധാരൻ ശ്യാംലാലിനെ ഏഴു ദിവസം കസ്റ്റഡിയിൽ വേണമെന്ന് പ്രത്യേകാന്വേഷക സംഘം. കേസിലെ പ്രധാന പ്രതിയായ ടൈറ്റാനിയം ഉദ്യോഗസ്ഥൻ ശശികുമാരൻ തമ്പിയുമായുള്ള അടുപ്പം മുതലാക്കിയാണ് ശ്യാംലാൽ തട്ടിപ്പ് ആസൂത്രണം ചെയ്‌തതിരിക്കുന്നത് . ജോലി വാഗ്‌ദാനത്തിൽ കുടുങ്ങുന്നവരെ ശശികുമാരൻ തമ്പിയുടെ ഓഫീസിൽ എത്തിക്കുന്നത് ശ്യാംലാലായിരുന്നു. ഇയാൾക്കെതിരെ രണ്ടുപേർകൂടി പരാതിയുമായി എത്തിയിട്ടുണ്ട്.
ട്രാവൻകൂർ ടൈറ്റാനിയത്തിൽ വർക്ക് അസിസ്റ്റന്റ്, മെക്കാനിക്കൽ എൻജിനിയർ, പ്ലമ്പിങ് അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിൽ ജോലി വാഗ്‌ദാനം ചെയ്‌ത് പലരിൽനിന്നായി സംഘം 1.15 കോടി രൂപ തട്ടിയെന്നാണ് കണക്കാക്കുന്നത്. പത്തുമുതൽ 12 ലക്ഷം രൂപവരെയാണ് ഓരോരുത്തരിൽനിന്ന് വാങ്ങിയത്. കോടതിയിൽ നൽകിയ കസ്റ്റഡി അപേക്ഷയിലാണ് ഇക്കാര്യം ഉന്നയിച്ചത്. ഇയാളെ വിശദമായി ചോദ്യം ചെയ്‌താൽ തട്ടിപ്പിന്റെ കൂടുതൽ വിവരം പുറത്തുവരുമെന്നും അപേക്ഷയിൽ പറയുന്നു. ജോലിവാഗ്‌ദാന തട്ടിപ്പുമായി ബന്ധപ്പെട്ട് 14 കേസിൽ ശ്യാംലാൽ പ്രതിയാണ്. കഴിഞ്ഞ ദിവസമാണ് പ്രത്യേക അന്വേഷകസംഘം ഇയാളെ അറസ്റ്റ് ചെയ്‌തത്.