ദില്ലി: രാജ്യത്ത് കൊറോണ വൈറസ് വ്യാപനം രൂക്ഷമായികൊണ്ടിരിക്കെ കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്റേയും ഡീസലിന്റേയും വിലയില്‍ ലിറ്ററിന് മൂന്ന് രൂപയാണ് വർദ്ധിച്ചത് . കൊറേണ വൈറസ് വ്യാപനം ലോക മെമ്ബാടും വലിയ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നത്. ആരോഗ്യ മേഖല മാത്രമല്ല, സമ്ബദ് ഘടനയേയും കൊറോണ വൈറസ് വ്യാപനം ബാധിച്ചുകഴിഞ്ഞു. ആഗോള തലത്തില്‍ ഓഹരി വിപണികള്‍ വലിയ തിരിച്ചടിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.
പെട്രോളിന്റെ സ്‌പെഷ്യല്‍ എക്‌സൈസ് ഡ്യൂട്ടി ലിറ്ററിന് രണ്ട് രൂപ മുതല്‍ എട്ട് രൂപ വരെ കൂട്ടി. ഡീസലിന്റേത് ലിറ്ററിന് നാല് രൂപയും കൂട്ടിയിട്ടുണ്ട്. പെട്രോളിന്റേയും ഡീസലിന്റേയും റോഡ് സെസ്സ് ലിറ്ററിന് ഒരു രൂപ വീതവും കൂട്ടിയിട്ടുണ്ട്. ഇതോടെ റോഡ് സെസ് ഇപ്പോള്‍ 10 രൂപയായിട്ടുണ്ട്. ആത്യന്തികമായി രണ്ട് ഇന്ധന ങ്ങള്‍ക്കും ലിറ്ററിന് മൂന്ന് രൂപ വീതം ആയിരിക്കും ഉപഭോക്താക്കള്‍ അധികമായി നല്‍കേണ്ടി വരിക.
അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. കൊറോണ വൈറസ് വ്യാപനം തന്നെയാണ് ഇതിന്റേയും ആത്യന്തികമായ കാരണം. എണ്ണ വില പിടിച്ചുനിര്‍ത്തുന്നതില്‍ സൗദി അറേബ്യയും റഷ്യയും തമ്മിലുള്ള തര്‍ക്കം ആണ് ഇപ്പോള്‍ അസംസ്‌കൃത എണ്ണവില ഇത്രയും ഇടിയുന്ന നിലയിലേക്ക് എത്തിച്ചത്. 90 കളിലെ ഗള്‍ഫ് യുദ്ധകാലത്താണ് ഇതിന് മുമ്ബ് അസംസ്‌കൃത എണ്ണ വിലയില്‍ ഇത്രയും ഇടിവുണ്ടായത്.
അന്താരാഷ്ട്ര വിപണിയിലെ വിലയിടിവ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചു തുടങ്ങിയിരുന്നു. എന്നാല്‍ എക്‌സൈസ് തീരുവ ഒറ്റയടിക്ക് കൂട്ടിയതോടെ ഇന്ത്യന്‍ ജനതയ്ക്ക് ആ നേട്ടം ലഭ്യമാകില്ല. അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണവില ഇനിയും കുറയാനാണ് സാധ്യത. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ധന ഉപഭോഗത്തില്‍ വലിയ കുറവാണ് ഉണ്ടായിട്ടുള്ളത്.