തിരുവനന്തപുരം : ലിംഗസമത്വത്തിനും സ്ത്രീശാക്തീകരണത്തിനുമായി രൂപീകരിച്ച ജെൻഡർ പാർക്കിൽ വ്യത്യസ്തമായ പദ്ധതി കളൊരുക്കാൻ സംസ്ഥാന സർക്കാർ. ജെൻഡർ പാർക്കിന്റെ കോഴിക്കോട് ക്യാമ്പസിൽ ഒരുക്കുന്ന അന്താരാഷ്ട്ര വനിതാ ട്രേഡ് സെന്ററിൽ പ്രളയബാധിതരായ സ്ത്രീകളുടെ അതിജീവനത്തിന് സജ്ജീകരണമൊരുക്കും. വനിതാ സംരംഭകർക്ക് സുരക്ഷിതവും സുസ്ഥിരവുമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും വിപണന സ്ഥലം നൽകാനുമാണ് അന്താരാഷ്ട്ര വനിതാ ട്രേഡ് സെന്ററിലൂടെ ലക്ഷ്യമിടുന്നത്.
സെന്ററിന്റെ ആദ്യ ഘട്ടം 2021 ജനുവരിയിൽ പൂർത്തിയാകുമെന്നാണ് കരുതുന്നത്. ആദ്യ വർഷം തന്നെ പ്രളയബാധിത വനിതകൾക്ക് ഇവിടെ സൗകര്യങ്ങൾ ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. സംരംഭങ്ങൾ ആരംഭിക്കാൻ താത്പര്യവും കഴിവുമുള്ളവർക്ക് ട്രേഡ് സെന്ററിൽ സ്ഥലവും മറ്റു സൗകര്യവും നൽകും. വനിതകൾക്ക് പരിശീലനവും നൈപുണ്യവികസനവും നൽകും. കൊച്ചുകുട്ടികൾക്കായി ഇവിടെ ക്രഷ് സൗകര്യവും ഉണ്ടാവും. ഓഫീസിൽ നിന്നിറങ്ങുന്നത് വൈകിയാൽ വീട്ടിലേക്ക് പോകാൻ വാഹന സൗകര്യം ലഭ്യമാക്കും. ഇവിടെ താമസിക്കുന്നതിനുള്ള സംവിധാനങ്ങളുമുണ്ടാവും. വനിതകൾക്ക് ഓഫീസുകൾ സ്ഥാപിക്കുന്നതിനായി ബിസിനസ് സെന്റർ, മീറ്റിംഗ് റൂം, പൊതുഓഫീസ് സ്ഥലസൗകര്യങ്ങളും ലഭിക്കും.
പ്രളയമേഖലകളിൽ ഉപജീവനമാർഗവും നൈപുണ്യപരിശീലനവും ചെറുകിട നൈപുണ്യ പരിശീലനവും ലിംഗപദവിയെക്കുറിച്ച് സൂക്ഷ്മബോധന പരിപാടികളും ശില്പശാലകളും ജെൻഡർ പാർക്ക് സംഘടിപ്പിക്കും. എന്റർപ്രൈസ് ഡെവലപ്‌മെന്റ്, സെൽഫ് എംപ്ലോയ്‌മെന്റ്, പ്ലേസ്‌മെന്റ് ലിങ്ക്, ആരോഗ്യപരിപാലനം, എംപ്ലോയബിലിറ്റി ട്രെയിനിംഗ് എന്നീ മേഖലകളിൽ ആദ്യഘട്ടത്തിൽ പരിശീലനം നൽകും.
ലിംഗനയം, ഗവേഷണം, വിദ്യാഭ്യാസം, സാമൂഹിക സംരംഭങ്ങൾ എന്നിവ സംയോജിക്കുന്ന വേദിയായി ജെൻഡർ പാർക്കിനെ മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യം. ജെൻഡർ ലൈബ്രറി, ജെൻഡർ മ്യൂസിയം, ദി വൈസ് ഫെലോഷിപ്പ്, ഇന്റർനാഷണൽ വിമൻ ട്രേഡ് സെന്റർ, നൈപുണ്യ വികസന പദ്ധതി എന്നിവയാണ് ഇവിടെ ഒരുങ്ങുന്നത്.
ആധുനിക സൗകര്യങ്ങളോടെയുള്ള ലൈബ്രറിയും മ്യൂസിയവുമാണ് ഒരുക്കുന്നതെന്ന് വനിതാശിശുവികസന മന്ത്രി കെ. കെ. ശൈലജ ടീച്ചർ അറിയിച്ചു. ലിംഗസമത്വവുമായി ബന്ധപ്പെട്ട് ദേശീയ അന്തർദേശീയ തലത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്തകങ്ങൾ, ജേണലുകൾ, ഓൺലൈൻ പ്രസിദ്ധീകരണങ്ങൾ എന്നിവ ലഭ്യമാക്കും. വിദ്യാർഥികൾക്ക് ലൈബ്രറി ഉപയോഗിക്കാനാവും. കേരളത്തിന്റെ ചരിത്രം, വനിതാ നവോത്ഥാന പ്രസ്ഥാനങ്ങൾ, പ്രവർത്തനങ്ങൾ, സ്ത്രീ സ്വാതന്ത്ര്യത്തിനും സമത്വത്തിനുമായി നടന്ന പോരാട്ടങ്ങൾ, വനിതാശാക്തീകരണ പോരാട്ടങ്ങൾ എന്നിവയുടെ ഗ്യാലറികൾ ഉൾപ്പെടുത്തിയാവും മ്യൂസിയം ഒരുക്കുന്നത്. ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിതെന്ന് മന്ത്രി പറഞ്ഞു.
ജെൻഡർ പാർക്കിലെ അക്കാഡമിക് മാനേജ്‌മെന്റ് സെന്റർ വിഭാഗത്തിലാണ് വിമൻ ഇൻ സസ്‌റ്റൈനബിൾ എന്റർപ്രണർഷിപ്പ് പ്രോഗ്രാം ആരംഭിക്കുന്നത്. ദേശീയ അന്തർദേശീയ സർവകലാശാലകളുമായി സഹകരിച്ചാണ് ഫെലോഷിപ്പ് നടപ്പാക്കുന്നത്. ദേശീയ അന്തർദേശീയ വിദ്യാർത്ഥികളുടെ സമ്മിശ്രമായിരിക്കും ഇവിടെ പഠിക്കാനെത്തുന്നവർ. അടുത്ത അധ്യയന വർഷം പദ്ധതി ആരംഭിക്കും. വിവിധ സർവകലാശാലകൾ, യു. എന്നിന്റെ വിവിധ വിഭാഗങ്ങൾ എന്നിവരുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.