കേരളത്തില്‍ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് നിയമപ്രകാരമുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനായി തൊഴില്‍ വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ നല്‍കിയ നിര്‍ദേശത്തിന്റെയടിസ്ഥാനത്തിലായിരുന്നു പരിശോധന. സംസ്ഥാനവ്യാപകമായി മിന്നല്‍ പരിശോധന നടത്തി. ആകെ 357 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 121 നിയമലംഘനങ്ങള്‍ ബോധ്യപ്പെട്ടു.237 സ്ഥാപനങ്ങള്‍ ജീവനക്കാര്‍ക്ക് ഇരിപ്പിടം ഉറപ്പാക്കിയിട്ടുണ്ട്.1960-ലെ ഷോപ്‌സ് ആന്റ് കോമേഴ്‌സ്യല്‍ എസ്താബ്ലിഷ്‌മെന്റ് ആക്റ്റില്‍ അടുത്തിടെ ഭേദഗതി വരുത്തി തൊഴിലിടങ്ങളില്‍ ജീവനക്കാര്‍ക്ക് ഇരിപ്പിടം നല്‍കണമെന്ന നിയമം സര്‍ക്കാര്‍ കൊണ്ടുവന്നിരുന്നു.
സംസ്ഥാനവ്യാപകമായി നടത്തിയ പരിശോധനകള്‍ക്ക് അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍(എന്‍ഫോഴ്‌സ്‌മെന്റ്) ബിച്ചു ബാലന്‍ നേതൃത്വം നല്‍കി. ജില്ലാതലങ്ങളില്‍ റീജണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍മാരുടെ മേല്‍നോട്ടത്തില്‍ ജില്ലാ ലേബര്‍ ഓഫീസര്‍മാരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. തിരുവനന്തപുരത്ത് ആകെ 13 സ്ഥാപനങ്ങളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ ഇരിപ്പിട സൗകര്യം ഉറപ്പാക്കിയിട്ടില്ലാത്ത ഒരു സ്ഥാപനം മാത്രമാണ് കണ്ടെത്തിയത്. അവര്‍ക്ക് അടിയന്തര നടപടികള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. കൊല്ലത്ത് 17 ഇടങ്ങളിലെ പരിശോധനയില്‍ നാലിടങ്ങളിലും പത്തനംതിട്ടയില്‍ 16 സ്ഥാപനങ്ങളിലെ പരിശോധനയില്‍ മൂന്നിടങ്ങളിലും ഇരിപ്പിടം നല്‍കിയിട്ടില്ല എന്ന് കണ്ടത്തി.
ആലപ്പുഴയില്‍ 42 സ്ഥാപനങ്ങളിലെ പരിശോധനയില്‍ എട്ടിടങ്ങളിലും എറണാകുളത്ത് 34 ഇടങ്ങളില്‍ 24 ഇടത്തും തൃശൂരില്‍ 15 സ്ഥാപനങ്ങളില്‍ അഞ്ചിടത്തും ഇരിപ്പിടം അനുവദിച്ചിരുന്നില്ല. മലപ്പുറത്ത് 38 ഇടങ്ങളിലെ പരിശോധനയില്‍ 19 സ്ഥാപനങ്ങളില്‍ മാത്രമാണ് സീറ്റ് അനുവദിച്ചിട്ടുള്ളതായി കണ്ടെത്തിയത്.കോഴിക്കോട് 56 ഇടങ്ങളില്‍ 37 സ്ഥാപനങ്ങലിലും വയനാട് 30 പരിശോധനകളില്‍ 23 ഇടത്തും കാസര്‍കോഡ് 31 പരിശോധനകളില്‍ 18 സ്ഥാപനങ്ങളിലും സീറ്റ് നല്‍കിയിട്ടുള്ളതായി കണ്ടെത്തി. ഇടുക്കി, കോട്ടയം,പാലക്കാട് ജില്ലകളില്‍ യഥാക്രമം പരിശോധന നടത്തിയ 10, 14, 21 സ്ഥാപനങ്ങളില്‍ എല്ലായിടത്തും ജീവനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നവിധത്തില്‍ നടപടികള്‍ സ്വീകരിച്ചിട്ടുള്ളതായും ഇരിപ്പിടം ഉറപ്പാക്കിയിരുന്നതായും കണ്ടെത്തി.
കണ്ണൂരില്‍ 21 സ്ഥാപനങ്ങള്‍ പരിശോധിച്ചതില്‍ മൂന്നിടത്തു മാത്രമാണ് ഇരിപ്പിടം നല്‍കിയിട്ടുള്ളതായി കണ്ടെത്തിയത്. പരിശോധനയില്‍ ജീവനക്കാര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കിയിട്ടില്ലെന്ന് കണ്ടെത്തിയ എല്ലാ സ്ഥാപനങ്ങള്‍ക്കും അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. വരും ദിനങ്ങളിലും പരിശോധന തുടരുമെന്ന് തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.