ചെന്നൈ: തമിഴ്നാട്ടില്‍ തഞ്ചാവൂര്‍ ജില്ലയിലെ വല്ലത്തുനിന്ന് ആറ് കിലോമീറ്റര്‍ അകലെ പിള്ളയാര്‍പട്ടിയിൽ തിങ്കളാഴ്ച പുലര്‍ച്ചെ ഇതിഹാസ കവി തിരുവള്ളുവരുടെ പ്രതിമ കറുത്ത നിറത്തിലുള്ള ചായം പൂശിയതിന് പുറമേ ചാണകവും പൂശിയ നിലയിൽ നശിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട് . തിരുവള്ളുവരുടെ പ്രതിമ നശിപ്പിച്ച സംഭവം അന്വേഷിച്ചുവരികയാണ്. എന്നാല്‍ ഇതുവരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും സംഭവത്തിന് ശേഷം പ്രതിമ വൃത്തിയാക്കിയതായും ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് വ്യക്തമാക്കിയിട്ടുണ്ട്.
2005ല്‍ ഉദ്ഘാടനം ചെയ്ത പ്രതിമ വള്ളുവര്‍ കല സംഘമാണ് പള്ളിയാര്‍പെട്ടിയില്‍ സ്ഥാപിച്ചത്. സംഭവത്തില്‍ തമിഴ്നാട് പ്രതിപക്ഷ നേതാവ് എംകെ സ്റ്റാലിന്‍ അപലപിച്ചു. ഇത്തരം സംഭവങ്ങള്‍ തടയാന്‍ കഴിയാത്തത് സര്‍ക്കാരിന് നാണക്കേടാണെന്നും സ്റ്റാലിന്‍ ട്വിറ്ററില്‍ കുറിച്ചു. തമിഴിന് വേണ്ടി നിലകൊണ്ട പെരിയാറിനെപ്പോലെയും തിരുവള്ളുവരെപ്പോലെയുമുള്ളവരുടെ പ്രതിമയോട് അനാദരവ് കാണിക്കുന്നത് സ്ഥിരം സംഭവങ്ങളായി ക്കഴിഞ്ഞു വെന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്തി. കാവി വസ്ത്രം ധരിച്ച് കയ്യില്‍ ചുറ്റി കഴുത്തിലും കയ്യിലും രുദ്രാക്ഷമണിഞ്ഞ നിലയിലുള്ള തിരുവള്ളുവരുടെ ചിത്രം ബിജെപി തമിഴ്നാട് യൂണിറ്റ് ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് ഈ സംഭവം.
ഇതോടെ തിരുവള്ളുവരെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ബിജെപിക്കെതിരെ വന്‍ പ്രതിഷേധമാണുയരുന്നത്. തിരുവള്ളുവര്‍ ഹിന്ദു സന്യാസിയാണെന്ന് അവകാശപ്പെട്ട ബിജെപി തിരുവള്ളുവരുടെ പ്രതിമയില്‍ കാവിവസ്ത്രമണിയച്ചതിലുള്ള പ്രതിഷേധമാണ് ഇതിന് പിന്നിലെന്നാണ് ആരോപിക്കപ്പെടുന്നത്. സംഭവത്തില്‍ തഞ്ചാവൂരിലെ തമിഴ്സര്‍വ്വകലാശാലയില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. കുറ്റക്കാരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥി പ്രതിഷേധം.
സംഭവത്തില്‍ എംഡിഎംകെ നേതാവ് വൈക്കോയും അപലപിച്ചിട്ടുണ്ട്. ബിജെപി ഇത്തരം നടപടികള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ തമിഴ്നാട്ടിലെ ജനങ്ങള്‍ തക്കതായ മറുപടി നല്‍കുമെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി. നേരത്തെ 2018ല്‍ ത്രിപുരയില്‍ ലെനിന്റെ പ്രതിമ തകര്‍ത്ത സംഭവത്തിന് പുറമേ തമിഴ്നാട്ടില്‍ ദ്രാവിഡ നേതാവ് പെരിയാര്‍ ഇവി രാമസ്വാമിയുടെ പ്രതിമയും തകര്‍ത്തിരുന്നു. ലെനിന്‍ ആരാണെന്നും ഇന്ത്യയില്‍ ലെനിന്റെ പ്രാധാന്യം എന്താണെന്നുമുള്ള ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റിനെ തുടര്‍ന്നായിരുന്നു ഈ സംഭവം.
ഇന്ത്യയിലെ കമ്മ്യൂണിസവും ലെനിനും തമ്മിലുള്ള ബന്ധമെന്താണെന്നും നേതാവ് പോസ്റ്റില്‍ ചോദിച്ചിരുന്നു.സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ വല്ലം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കാണ് പ്രതിമ വൃത്തിയാക്കി മാലയിട്ട് അലങ്കരിക്കാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടത്താന്‍ വല്ലം ഡിവിഷന്‍ ഡെപ്യൂട്ടി സൂപ്രണ്ട് ഉത്തരവിട്ടിട്ടുണ്ട്.