മലപ്പുറം: നരേന്ദ്ര മോദി സർക്കാറിനെതിരെ വർത്തമാന കാല ഇന്ത്യയിൽ ശക്തിപ്പെടുന്ന സമരങ്ങൾ ഇന്ത്യയെ വീണ്ടെടുക്കാനുള്ള പോരാട്ടങ്ങളാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി പറഞ്ഞു. ബാബരി ധ്വംസന കേസിലെ പ്രതികളെ കോടതി വിധിക്കെതിരായി ഗാന്ധി ജയന്തി ദിനത്തിൽ യൂത്ത് ലീഗ് ദേശീയ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സർക്കാർ സംവിധാനങ്ങൾ മാത്രമല്ല തീർത്തും സ്വതന്ത്രമായി പ്രവർത്തിക്കേണ്ട നീതിന്യായ കോടതികൾ പോലും ഭരണഘടനാ മൂല്യങ്ങളിൽ നിന്ന് വ്യതിചലിക്കുന്നതിൻ്റെ കൃത്യമായ സൂചനയാണ് ബാബരി കേസിലെ ലഖ്നൗ സി ബി ഐ കോടതിയുടെ വിധി.
ഗാന്ധി വധം പോലെ തന്നെ ക്രൂരമായിരന്നു ബാബരി മസ്ജിദ് തകർത്ത സംഭവവും. ഗാന്ധിജയന്തി ദിനത്തിൽ തന്നെ ഉത്തർപ്രദേശിലെ ഹത്റസിൽ നിന്നു കേൾക്കുന്ന വാർത്തകൾ രാജ്യം ചെന്നു പതിച്ച ഗതികേടിൻ്റെ തെളിവാണ്.ഒരു ദളിത് പെൺകുട്ടിയുടെ മൃതശരീരത്തോട് യു പി പോലീസ് കാണിച്ച ക്രൂരത ഗാന്ധി പിറന്ന നാടിന് അപമാനമാണ്. അതിനു ശേഷവും ആ കുടുംബത്തിനെതിരായ അതിക്രമവും ഭീഷണിയും തുടരുന്നു.
ഇതിനെതിരെ ഡൽഹിയിലും യു പി യിലും ശക്തിപ്പെടുന്ന സമരങ്ങളോടുള്ള ഭയമാണ് രാഹുൽ ഗാന്ധിക്കെതിരായ യു പി പോലീസിൻ്റെ നടപടിയിൽ പ്രതിഫലിക്കുന്നത്. വിവാദ കാർഷിക ബില്ലുകൾക്കെതിരായ കർഷക സമരവും അനുദിനം ശക്തിപ്പെടുകയാണ്.
മോദി സർക്കാറിൻ്റെ തല തിരിഞ്ഞ സാമ്പത്തിക നയങ്ങൾക്കും ഫാസിസ്റ്റ് അജണ്ടകൾക്കുമെതിരായ പോരാട്ടത്തെ ശക്തമായി മുന്നോട്ട് നയിക്കുക എന്നതാണ് ഈ ഗാന്ധിജയന്തി ദിനത്തിലെ സന്ദേശമെന്ന് അദ്ദേഹം പറഞ്ഞു.
യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി കെ സുബൈർ, ദേശീയ വൈസ് പ്രസിഡണ്ട് അഡ്വ: വി കെ ഫൈസൽ ബാബു,എം എസ് എഫ് ദേശീയ പ്രസിഡണ്ട് റ്റി പി അഷ്റഫലി, യൂത്ത് ലീഗ് ദേശീയ എക്സിക്യുട്ടീവ് അംഗം പി ളംറത്ത്, വേങ്ങര നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പുള്ളാട്ട് ശംസു ,ട്രഷറർ നൗഫൽ മൻ ഭീതി എന്നിവർ അദ്ദേഹത്തോടൊപ്പം പ്രതിഷേധത്തിൽ പങ്കെടുത്തു.