സ്റ്റുഡന്റ‌്സ‌് പൊലീസ് കേഡറ്റുകളുടെ (എസ് പി സി ) പ്രവര്‍ത്തന അവലോകന യോഗം നടത്തി.

129

കൊച്ചി : സ്റ്റുഡന്റ‌്സ‌് പൊലീസ് കേഡറ്റുകളുടെ യോഗത്തില്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേട്ട‌് കെ ചന്ദ്രശേഖരന്‍നായര്‍ സംസാരിച്ചു. ഹൈസ‌്കൂളുകളില്‍ പുതിയ ബാച്ചിലേക്കുള്ള കേഡറ്റുകളുടെ സെലക‌്ഷന്‍ നടപടികള്‍ നടന്നുവരികയാണ്. കായികക്ഷമതാ പരിശോധന കഴിയുന്നതിനനുസരിച്ച്‌ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച്‌ നടപടി പൂര്‍ത്തിയാക്കും. പദ്ധതി പ്രവര്‍ത്തനങ്ങള്‍ 10 വര്‍ഷം പൂര്‍ത്തിയാക്കുന്നതിനോടനുബന്ധിച്ച്‌ ‘ടെന്‍ ടാര്‍ജറ്റ് ഫോര്‍ ടെന്‍ത്ത് ഇയര്‍’ പദ്ധതി എസ‌്പിസി സ്കൂളുകളില്‍ നടപ്പാക്കും. ഇതിന്റെ ഭാഗമായി ഓരോ കേഡറ്റും 100 പേര്‍ക്ക് റോഡ് സുരക്ഷാ ബോധവല്‍ക്കരണം നടത്തും. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി കേഡറ്റുകള്‍ നട്ട തൈകളുടെ വളര്‍ച്ച സ്കൂള്‍തലത്തില്‍ നിരീക്ഷിക്കും.

മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം തടയാനായി എക്സൈസ് വകുപ്പിന്റെ സഹായത്തോടെ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തും. സാമൂഹ്യക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ ഭിന്നശേഷി കുട്ടികള്‍ക്ക് വേണ്ട സഹായം കേഡറ്റുകള്‍ നല്‍കും. കേഡറ്റുകളുടെ ശാരീരിക ക്ഷമതയും അക്കാദമിക് നിലവാരവും ഉയര്‍ത്തുന്നതിന് വേണ്ട നടപടി സ്വീകരിക്കാനും തീരുമാനിച്ചു. കുട്ടികളുടെ അവകാശം സംരക്ഷിക്കുന്നതിന് കെല്‍സയുമായി ചേര്‍ന്ന് ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും.

മാലിന്യ നിര്‍മാര്‍ജനത്തിനും ജലസംരക്ഷണത്തിനും സ്കൂള്‍തല നടപടി സ്വീകരിക്കും. തൃപ്പൂണിത്തുറ ഗവ. ജിഎച്ച്‌എസ്‌എസ്, കൈതാരം ഗവ. വിഎച്ച്‌എസ്‌എസ് എന്നിവിടങ്ങളില്‍ ട്രാഫിക് സ്മാര്‍ട്ട് ക്ലാസ‌് റൂമുകള്‍ ആരംഭിക്കും. ആഗസ‌്ത‌് രണ്ട‌് എസ‌്പിസി ദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കും. എസിപി ആര്‍ സുധാകരന്‍പിള്ള, നോഡല്‍ ഓഫീസര്‍ ഡിവൈഎസ‌്‌പി റെജി എബ്രഹാം എന്നിവര്‍ പങ്കെടുത്തു.

NO COMMENTS