കാസറഗോഡ് : ജില്ലയില്‍ പ്രഭാത ഭക്ഷണം കഴിക്കാന്‍ സാഹചര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പ്രഭാത ഭക്ഷണം നല്‍കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടവും ജില്ലാ ശിശുക്ഷേമ സമിതിയും സംയുക്തമായി നടപ്പിലാക്കുന്ന മധുരം പ്രഭാതം പദ്ധതി ആഗസ്റ്റില്‍ ആരംഭിക്കും.ഇതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ കളക്ടറേറ് കോണ്‍ഫറന്‍സ് ഹാളില്‍ സ്‌കൂളുകളിലെ പ്രധാനാപകരുമായി യോഗം ചേര്‍ന്നു. മധുരം പ്രഭാതം പദ്ധതിയില്‍ ഉള്‍പ്പെടുന്ന കുട്ടികളുടെയും സ്‌പോണ്‍സര്‍മാരുടെയും പേര് വിവരങ്ങള്‍ അധ്യാപകരുടെ പക്കല്‍ അതീവ രഹസ്യമായി സൂക്ഷിക്കണമെന്ന് കളക്ടര്‍ യോഗത്തില്‍ നിര്‍ദേശിച്ചു.
മധുരം പ്രഭാതം പദ്ധതിയെ അധ്യാപകര്‍ നന്മ ചെയ്യാനുള്ള അവസരമായി കാണണമെന്നു കളക്ടര്‍ പറഞ്ഞു. സ്‌കൂളിന്റെ ചുരുങ്ങിയത് ഒന്നര മീറ്റര്‍ ചുറ്റളവിലുള്ള ഹോട്ടലിലാണ് കുട്ടികള്‍ക്കുള്ള ഭക്ഷണം ഒരുക്കുക. തലേ ദിവസം വൈകുന്നേരം കുട്ടികള്‍ക്ക് അടുത്ത ദിവസത്തെ പ്രഭാത ഭക്ഷണത്തിനുള്ള കൂപ്പണ്‍ കൊടുക്കും. സ്‌കൂളിന്റെ ഒന്നര മീറ്റര്‍ ചുറ്റളവില്‍ ഹോട്ടല്‍ ഇല്ലെങ്കില്‍ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാനായി കുടുംബശ്രീയുടെ ഭക്ഷണമോ, മറ്റ് സൗകര്യങ്ങളോ ഒരുക്കും.
കുട്ടി സ്‌കൂളില്‍ എത്തും മുമ്പ് തന്നെ കുട്ടിക്കുള്ള ഭക്ഷണം സ്‌ക്കൂളില്‍ എത്തിയിരിക്കും. രാവിലെ ഭക്ഷണം കഴിക്കാനില്ലാതെ സ്‌കൂളില്‍ വരുന്ന 1556 കുട്ടികളുണ്ടെന്ന് ജില്ലാ തല സര്‍വ്വേയില്‍ കണ്ടെത്തിയിരുന്നു. യോഗത്തില്‍ ഡി ഡി ഇന്‍ ചാര്‍ജ്ജ് എന്‍ നന്ദികേശന്‍, കാഞ്ഞങ്ങാട് ഡി ഇ ഒ സരസ്വതി, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ പി ബിജു, ശിശുക്ഷേമ സമിതി സെക്രട്ടറി മധു മുതിയക്കാല്‍ എന്നിവര്‍ പങ്കെടുത്തു.