കൊച്ചി: പൊതുസമരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് സഭാ സിനഡിന്‍റെ തീരുമാനം. വൈദികര്‍ക്കും സന്യസ്തര്‍ക്കും കൂച്ചു വിലങ്ങിടുന്ന മാര്‍ഗ രേഖ തയ്യാറാക്കാനും മെത്രാന്മാര്‍ തീരുമാനിച്ചു. ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ സമരത്തില്‍ പങ്കെടുത്തതിന്‍റെ പേരില്‍ കന്യാസ്ത്രീകള്‍ അച്ചടക്ക നടപടി നേരിട്ടതിനു തൊട്ടു പിന്നാലെയാണ് വിഷയത്തില്‍ സഭ നിലപാട് വ്യക്തമാക്കുന്നത്.
സമീപ കാലത്തെ സമരങ്ങളും പ്രതിഷേധങ്ങളും അച്ചടക്കത്തിന്‍റെ സകല സീമകളും ലംഘിച്ചു. ചില വൈദികരും സന്യസ്തരും സഭാ വിരുദ്ധ ഗ്രൂപ്പുകളുടെ കയ്യിലെ പാവകളായി. അച്ചടക്ക ലംഘനം നടത്തുന്നവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ ശിക്ഷണ നടപടി സ്വീകരിക്കാനും സിനഡ് ശുപാര്‍ശ ചെയ്യുന്നു. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെയും സിനഡിന്‍റെ താക്കീതുണ്ട്. രൂപത അധ്യക്ഷന്‍റെയോ മേജര്‍ സുപ്പീരിയറുടെയോ അനുമതിയില്ലാതെ ചര്‍ച്ചകളില്‍ പങ്കെടുക്കുകയോ അഭിമുഖം നല്‍കുകയോ പാടില്ലെന്നാണ് മുന്നറിയിപ്പ്.
സുതാര്യതയുടെ പേര് പറഞ്ഞ് സഭാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനകളെ തള്ളിയ സിനഡ് എറണാകുളം അങ്കമാലി അതിരൂപതയിലെ പ്രശ്നങ്ങള്‍ പൂര്‍ണമായി പരിഹരിക്കാനാകും എന്ന പ്രതീക്ഷയും പങ്കു വച്ചാണ് സിറോ മലബാര്‍ സഭയുടെ 27ാമത് സിനഡ് കൊച്ചിയില്‍ സമാപിച്ചത്. സിനഡ് തീരുമാനങ്ങള്‍ വിശദീകരിച്ച് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയാണ് പള്ളികളില്‍ വായിക്കുന്നതിനായി കുറിപ്പ് പുറത്തിറക്കിയത്.