ന്യൂഡല്‍ഹി: രാമജന്മഭൂമി-ബാബറി മസ്ജിദ് കേസില്‍ ക്ഷേത്രം നിര്‍മിക്കാന്‍ സുപ്രീം കോടതി അനുമതി. പകരം മസ്ജിദ് നിര്‍മിക്കാൻ തര്‍ക്കഭൂമിക്കു പുറത്ത് അയോധ്യയില്‍ത്തന്നെ അഞ്ച് ഏക്കര്‍ അനുവദിക്കും. 2.77 ഏക്കര്‍ തര്‍ക്കഭൂമിയാണ് ക്ഷേത്രനിര്‍മാണത്തിന് വിട്ടുകൊടുത്തിരിക്കുന്നത്.
അതേസമയം, കേസില്‍ കക്ഷിയായ ആര്‍ക്കും കോടതി സ്ഥലം വിട്ടുകൊടുത്തില്ല. പകരം കേന്ദ്രസര്‍ക്കാര്‍ മൂന്നു മാസത്തിനകം രൂപീകരിക്കുന്ന ട്രസ്റ്റിനായിരിക്കും സ്ഥലത്തിന്റെ ഉടമസ്ഥത. ക്ഷേത്രം നിര്‍മിക്കാനുള്ള ചുമതലയും ട്രസ്റ്റിന് ആയിരിക്കും. തര്‍ക്കഭൂമി മൂന്നു പേര്‍ക്ക് തുല്യമായി വീതിച്ചുകൊടുത്ത അലഹബാദ് ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. മൂന്നു മാസത്തിനകം ക്ഷേത്രവും മസ്ജിദും നിര്‍മിക്കാനുള്ള കര്‍മപദ്ധതി കേന്ദ്രം തയാറാക്കണം.
ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് വിധി പ്രസ്താവിച്ചത്. രാവിലെ കൃത്യം പത്തരയ്ക്കു തുടങ്ങിയ വിധി പ്രസ്താവം മുക്കാല്‍ മണിക്കൂറോളം നീണ്ടു. വിശ്വാസത്തിന്റെ അടിസ്ഥാനത്തിലല്ല ചരിത്ര വസ്തുതകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് തീരുമാനമെന്നു സുപ്രീം കോടതി ചൂണ്ടിക്കാണിച്ചു. 64 ഏക്കറാണ് അയോധ്യയില്‍ ഉള്ളത്. ഇതില്‍ തര്‍ക്കഭൂമിക്കു പുറത്ത് അയോധ്യയില്‍ത്തന്നെ അഞ്ചേക്കര്‍ ഭൂമി അനുവദിക്കണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.