തിരുവനന്തപുരം:ബുധനാഴ്ച രാത്രി 12 മുതല്‍ വ്യാഴാഴ്ച രാത്രി 12 വരെയാണ് പണിമുടക്ക്. നാളെ വൈകിട്ട് തൊഴില്‍ കേന്ദ്രങ്ങളില്‍ പന്തംകൊളുത്തി പ്രകടനങ്ങള്‍ നടത്തും. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി, കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെയാണ് 26ന് സംയുക്ത ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്‌ത അഖിലേന്ത്യാ പണിമുടക്ക്
10 ദേശീയ ട്രേഡ് യൂണിയനുകള്‍ക്കൊപ്പം സംസ്ഥാനത്തെ 13 തൊഴിലാളി സംഘടനകളും പണിമുടക്കില്‍ അണി ചേരും. കര്‍ഷക സംഘടന കളും അസംഘടിത മേഖലയിലെ തൊഴിലാളികളും പണിമുടക്കിന് പിന്തുണ അറിയിച്ചിട്ടുണ്ട്. കിഴക്കേകോട്ട ഗാന്ധി പാര്‍ക്ക് മുതല്‍ പി.എം.ജി വരെ ആറായിരത്തോളം തൊഴിലാളികള്‍ രണ്ട് മീറ്റര്‍ അകലം പാലിച്ച് അണിനിരക്കും. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഓഫീസുകളുടെ പ്രവര്‍ത്തനങ്ങളെയും ഉദ്യോഗസ്ഥരുടെ അവശ്യയാത്രകളെയും പണിമുടക്ക് ബാധിക്കില്ലെന്നും നേതാക്കള്‍ അറിയിച്ചു. സ്വകാര്യ വാഹനങ്ങളോട് പണിമുടക്കുമായി സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
പണിമുടക്ക് വിജയിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തി യായതായി സംയുക്ത ട്രേഡ് യൂണിയന്‍ സമിതി ജില്ലാ ചെയര്‍മാന്‍ വി.ആര്‍. പ്രതാപനും കണ്‍വീനര്‍ വി. ശിവന്‍കുട്ടിയും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സി. ജയന്‍ബാബു ( സി.ഐ.ടി.യു), പി.എസ്. നായിഡു ( എ.ഐ.ടി.യു.സി), കവടിയാര്‍ ധര്‍മന്‍ (കെ.ടി.യു.സി), ശാര്‍ങ്‌ഗധരന്‍ (ടി.ടി.യു), കാരയ്‌ക്കാമണ്ഡപം രവി ( ഐ.എന്‍.എല്‍.സി), സ്വീറ്റാ ദാസന്‍ (സേവ), ഷംഷീര്‍ ( എസ്.യു.ടി.യു), കെ. രഘുനാഥ് (എന്‍.എല്‍.സി) എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ഉദ്ഘാടന സമ്മേളനം രാവിലെ 11ന് ഗാന്ധി പാര്‍ക്കിലും സമാപന സമ്മേളനം പി.എം.ജിയിലുമായാണ് നടക്കുക. ടൂറിസം മേഖല, പാല്‍, പത്രം, ആശുപത്രി എന്നിവ ഒഴിവാക്കി.