ഉദ്യോഗസ്ഥരെയും എതിര്‍കക്ഷികളെയും കമ്മിഷനുകളുടെ മുന്നില്‍ കയറ്റിയിറക്കുന്ന പ്രവണത ഒരു തരത്തിലും പ്രോത്സാഹിപ്പിക്കില്ല ; എ. സൈഫുദ്ദീന്‍

25

തിരുവനന്തപുരം : ചില കേസുകളില്‍ ബോധപൂര്‍വ്വം പരാതി നല്‍കി, പരാതിക്കാരന്‍ തന്നെ ഹാജരാവാതെ ഉദ്യോഗസ്ഥരെയും എതിര്‍ കക്ഷികളെയും കമ്മീഷനുകളുടെ മുന്നില്‍ കയറ്റിയിറക്കുന്ന പ്രവണതയുണ്ടെന്നും അത്തരം പ്രവര്‍ത്തനങ്ങള്‍ കമ്മിഷന്‍ ഒരു തരത്തിലും പ്രോത്സാ ഹിപ്പിക്കില്ലെന്നും സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അംഗം എ. സൈഫുദ്ദീന്‍.

പാലക്കാട് സിവില്‍ സ്റ്റേഷന്‍ താലൂക്ക് ഓഫീസിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സംസ്ഥാന ന്യൂനപക്ഷ കമ്മി ഷന്‍ സിറ്റിങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിര്‍ത്തി തര്‍ക്കം, ജോലി പ്രശ്നം, വിദ്യാഭ്യാസം തുടങ്ങിയ മേഖലയുമായി ബന്ധപ്പെട്ട് നാല് പരാതികളാണ് സിറ്റിങ്ങില്‍ പരിഗണിച്ചത്. നാലെണ്ണവും തീര്‍പ്പാക്കി.

നെല്ലായ എ.യു.പി സ്‌കൂള്‍ മാനേജ്‌മെന്റിന് ന്യൂനപക്ഷ പദവി ലഭിച്ചതുമായി ബന്ധപ്പെട്ട് ഇരുമ്പാലശ്ശേരി സ്വദേശി നല്‍കിയ പരാതി യില്‍ ഡി.ഇ.ഒ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. പരാതി പരിശോധിച്ചതില്‍ സ്‌കൂളിന് സര്‍ക്കാര്‍ ന്യൂനപക്ഷ പദവി നല്‍കിയതില്‍ അപാകതയില്ലെന്ന് കണ്ടെത്തി. ഡി.ഇ.ഒ നടത്തിയ ഹിയറിങ്ങിലും കമ്മിഷന്റെ ഹിയറിങ്ങിലും പരാതിക്കാരന്‍ ഹാജരായിട്ടുമില്ല.

ഇറിഗേഷന്‍ വകുപ്പ് നിര്‍മാണ പ്രവര്‍ത്തിയുമായി ബന്ധപ്പെട്ട് ഭൂമി കൈയേറി വേലി പൊളിച്ചു എന്ന ആലത്തൂര്‍ സ്വദേശിയുടെ പരാതിയില്‍ അതിര്‍ത്തി നിര്‍ണയം നടത്തിയിരുന്നു. വേലി നിര്‍മിച്ചു നല്‍കാമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഉറപ്പു നല്‍കിയതിനാല്‍ പരാതി തീര്‍പ്പാക്കി. ആറംങ്ങോട്ടുകരയില്‍ നടന്ന അപകടവുമായി ബന്ധപ്പെട്ട കേസ് രജിസ്റ്റര്‍ ചെയ്യുന്നതില്‍ പോലീസിന്റെ അനാസ്ഥ ആരോപിച്ച പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ബോധിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പരാതി തീര്‍പ്പാക്കി.

ഡ്രൈവര്‍ തസ്തികയിലെ നിയമനം സംബന്ധിച്ച് കോട്ടായി സ്വദേശി പി.എസ്.സിക്കെതിരെ നല്‍കിയ പരാതിയില്‍ നിയമന ശിപാര്‍ശയ്ക്ക് ആവശ്യമായ ഒഴിവ് റാങ്ക് പട്ടിക കാലാവധിക്കുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പി.എസ്.സി നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പരാതി തീര്‍പ്പാക്കി.

NO COMMENTS

LEAVE A REPLY