കൊച്ചി :രണ്ടില ചിഹ്നവും കേരള കോണ്‍ഗ്രസ് (എം) എന്ന പേരും ജോസ് വിഭാഗത്തിന് അനുവദിച്ച തെരഞ്ഞെടുപ്പ് കമീഷന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും ശരിവച്ചു. കരുത്ത് പകരും കോട്ടയം പാര്‍ടി ചിഹ്നവും അംഗീകാരവും സംബന്ധിച്ച് പി ജെ ജോസഫിന്റെ അപ്പീല്‍ തള്ളിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി കേരള കോണ്‍ഗ്രസ് എമ്മിന്റെ രാഷ്ട്രീയ മുന്നേറ്റത്തിന് കരുത്ത് പകരുമെന്ന് ചെയര്‍മാന്‍ ജോസ് കെ മാണി. ആത്യന്തികമായി സത്യവും നീതിയും വിജയിക്കുമെന്നാണ് തെളിയിക്കുന്നത്. കേരള കോണ്‍ഗ്രസിനെ ശിഥിലമാക്കാന്‍ ഗൂഢാലോചന നടത്തിയ എല്ലാ ശക്തികള്‍ക്കുമുള്ള തിരിച്ചടിയാണ് വിധി.
കമീഷന്‍ തീരുമാനം അംഗീകരിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ പി ജെ ജോസഫും സംസ്ഥാന സമിതി അംഗം കെ സി കുര്യാ ക്കോസും സമര്‍പ്പിച്ച അപ്പീലുകള്‍ ചീഫ് ജസ്റ്റിസ് എസ് മണികുമാറും ജസ്റ്റിസ് ഷാജി പി ചാലിയും അടങ്ങിയ ബെഞ്ച് തള്ളി.
ദേശീയ തെരഞ്ഞെടുപ്പ് കമീഷന്‍ കേരള കോണ്‍ഗ്രസ് എം എന്ന പേരും രണ്ടില ചിഹ്നവും സംബന്ധിച്ച് വിധി പുറപ്പെടു വിച്ചിട്ടും അംഗീകരിക്കാതെ നിയമകുരുക്കുകള്‍ സൃഷ്ടിക്കാനാണ് ജോസഫ് വിഭാഗം ശ്രമിച്ചത്. കേരള കോണ്‍ഗ്രസിന്റെ അന്ത്യം ആഗ്രഹിച്ച ശക്തികളുടെ ഉപകരണമായി മാറിയ ജോസഫ് വിഭാഗത്തിന്റെ രാഷ്ട്രീയ പതനത്തിന് ഈ വിധി വഴിതെളിക്കുമെന്നും ജോസ് കെ മാണി പറഞ്ഞു.
ചിഹ്നം അനുവദിക്കുന്നതില്‍ തീരുമാനമെടുക്കാനുള്ള അധികാരം കമീഷനാണ്. ഭരണഘടനാസ്ഥാപനമായ കമീഷന്റെ അധികാരത്തില്‍ ഇടപെടരുതെന്ന് സുപ്രീംകോടതിയുടെ ഉത്തരവുണ്ട്. പാര്‍ടികളില്‍ ഭിന്നത ഉണ്ടാകുമ്ബോള്‍ വിവിധ ഗ്രൂപ്പുകളെ കേട്ടും തെളിവെടുത്തും ലഭ്യമായ രേഖകള്‍ പരിശോധിച്ചുമാണ് കമീഷന്‍ തീരുമാനത്തിലെത്തുന്നത്. കേരള കോണ്‍ഗ്രസിന്റെ കാര്യത്തില്‍ കമീഷന് തെറ്റുപറ്റി യിട്ടില്ല. കമീഷന്റെ തൃപ്തിയാണ് അന്തിമമെന്നും കോടതി വ്യക്തമാക്കി. കേരള കോണ്‍ഗ്രസില്‍ രണ്ട് വിഭാഗങ്ങളുണ്ടെന്നും പിളര്‍പ്പ് യാഥാര്‍ഥ്യമാണെന്നും കണ്ടെത്തിയാണ് കമീഷന്‍ തീരുമാനമെടുത്തത് എന്നായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ വിലയിരുത്തല്‍. അതുകൊണ്ടു തന്നെ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവില്‍ ഇടപെടാനാകില്ലെന്നും കോടതിയുടെ സവിശേഷാധികാരം വിനിയോഗിക്കാനാകില്ലെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.