വടക്കാഞ്ചേരി: സിപിഐ എം ഏരിയ കമ്മിറ്റി ഓഫീസിനുനേരെ യുഡിഎഫ് മണ്ഡലം തെരഞ്ഞെടുപ്പു കമ്മിറ്റി വര്‍ക്കിങ് ചെയര്‍മാന്‍ കെ അജിത് കുമാറിന്റെ നേതൃത്വത്തില്‍ ആക്രമണം . പരിക്കേറ്റ സിപി ഐ എം ഏരിയ കമ്മിറ്റി അംഗവും സിഐടിയു ഏരിയ സെക്രട്ടറിയുമായ കെ എം മൊയ്തു (75), ഓഫീസ് സെക്രട്ടറി കെ എ സെയ്തലവി (71) എന്നിവരെ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സിപിഐ എം ഏരിയായ കമ്മിറ്റി ഓഫീസില്‍ കെഎസ‌് കെടിയു മേഖലാ പ്രവര്‍ത്തക യോഗം നടക്കുന്നതിനിടെ യുഡിഎഫ് നഗരസഭാ കൗണ്‍സിലര്‍ കൂടിയായ കെ അജിത്കുമാറിന്റെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാരായ ടി വി സണ്ണി, പ്രിന്‍സ് ചിറയത്ത് എന്നിവരടങ്ങുന്ന സംഘം അതിക്രമിച്ചു കയറി ബഹളം വച്ചത്. പാര്‍ട്ടി ഓഫീസില്‍ പെന്‍ഷന്‍ വിതരണം നടത്തുന്നുവെന്ന വ്യാജ പ്രചാരണം അഴിച്ചുവിട്ടായിരുന്നു ആക്രമണം. ഇവരെ തടയാന്‍ ശ്രമിക്കുമ്ബോഴാണ് കെ എം മൊയ്തു, കെ എ സെയ്തലവി എന്നിവര്‍ക്ക് പരിക്കേറ്റത്.
ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതൃത്വത്തില്‍ പ്രതിക്ഷേധ പ്രകടനവും പൊതുയോഗവും നടന്നു. വടക്കാഞ്ചേരിയില്‍ നിന്നാരംഭിച്ച പ്രകടനത്തിലും തുടര്‍ന്ന് ഒട്ടുപാറ വാഴാനി റോഡ് പരിസരത്തു നടന്ന പ്രതിഷേധയോഗത്തിലും നിരവധി എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പങ്കെടുത്തു. യോഗം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ബാബു എം പാലിശേരി ഉദ്ഘാടനം ചെയ്തു. എല്‍ഡിഎഫ് വടക്കാഞ്ചേരി മണ്ഡലം തെരഞ്ഞെടുപ്പു കമ്മിറ്റി പ്രസിഡന്റ് കെ കെ ചന്ദന്‍ അധ്യക്ഷനായി.
സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം സേവ്യര്‍ ചിറ്റിലപ്പിള്ളി, എം ആര്‍ സോമനാരായണന്‍ (സി പി ഐ) എ എല്‍ ജേക്കബ‌് (എന്‍സിപി), ബിജൂ ആട്ടോര്‍ (എല്‍ജെ ഡി ) എന്നിവര്‍ സംസാരിച്ചു. എല്‍ഡിഎഫ് മണ്ഡലം തെരഞ്ഞെടുപ്പ‌് കമ്മിറ്റി സെക്രട്ടറി പി എന്‍ സുരേന്ദ്രന്‍ സ്വാഗതവും എം എ വേലായുധന്‍ നന്ദിയും പറഞ്ഞു. അക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച, കെ എം മൊയ്തു, കെ എ സെയ്തലവി എന്നിവരെ മന്ത്രി എ സി മൊയ്തീന്‍ സന്ദര്‍ശിച്ചു.