വട്ടിയൂര്‍ക്കാവില്‍ എന്‍ എസ്എസ് പിന്തുണ മോഹന്‍രാജിന്‍റെ വിജയം ഉറപ്പിക്കുമെന്നാണ് യുഡിഎഫ് പ്രതീക്ഷ.

152

തിരുവനന്തപുരം: ശക്തമായ ത്രികോണ മത്സരം നടക്കുന്ന വട്ടിയൂര്‍ക്കാവില്‍ എന്‍എസ്എസ് പിന്തുണ യുഡിഎഫ് വിജയത്തെ സ്വാധീനിക്കുന്ന ഘടകമാണ്. എന്‍എസ്എസിന്‍റെ ശരീദൂര നിലപാടാണ് അവസാന ലാപ്പ് പ്രചാരണത്തില്‍ വട്ടിയൂര്‍ക്കാവിലെ ചൂടേറിയ ചര്‍ച്ചാ വിഷയം. അതിനാല്‍ തന്നെ എന്‍എസ്എസ് പിന്തുണ മോഹന്‍രാജിന്‍റെ വിജയം ഉറപ്പിക്കുമെന്നാണ് യുഡിഎഫ് പ്രതീക്ഷ.

സംഘടനാ ജനറല്‍ സെക്രട്ടറി ശരിദൂരം പ്രഖ്യാപിച്ചതിന് പിന്നാലെ യുഡിഎഫിനായി എന്‍എസ്എസ് പ്രാദേശിക നേതൃത്വങ്ങളും പരസ്യമായി രംഗത്ത് വരികയും ചെയ്തത് മുന്നണിയുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. എന്‍എസ്എസ് നേതൃത്വത്തിന്‍റെ നിലപാട് താഴെ തട്ടിലുള്ള സമുദായ അംഗങ്ങളിലേക്കും എത്തിച്ച് മോഹന്‍ കുമാറിന് വോട്ടുറപ്പിക്കുന്നതിലാണ് യുഡിഎഫ് ശ്രദ്ധിക്കുന്നത്.

യുഡിഎഫ് സ്ഥാനാര്‍ത്ഥി മോഹന്‍ കുമാറിന് വോട്ട് ചെയ്യണമെന്ന് എല്ലാ കരയോഗങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി. ലോക്സഭാ തിരഞ്ഞെടുപ്പിലും എന്‍എസ്എസ് നിലപാട് യുഡിഎഫിന് അനുകൂലമായിരുന്നെങ്കിലും പരസ്യമായി പ്രഖ്യാപിച്ചിരുന്നില്ല. സുകുമാരന്‍ നായര്‍ പ്രഖ്യാപിച്ച ശരിദൂര നിലപാട് വട്ടിയൂര്‍ക്കാവില്‍ യുഡിഎഫിന് ഒപ്പമാണെന്നാണ് എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്‍റ് എം സംഗീത് കുമാര്‍ വ്യക്തമാക്കി. ശബരിമല വിഷയം എന്‍എസ്എസിനെ സംബന്ധിച്ചു വൈകാരികമായ വിഷയം തന്നെയാണ്.

തിരുവനന്തപുരത്തെ 38 കരയോഗങ്ങളില്‍ 21 ഉം യോഗം ചേര്‍ന്ന് കഴിഞ്ഞു. വലിയ എതിര്‍പ്പുകളില്ലാതെ എല്ലാവരും തീരുമാനം അംഗീകരിക്കുന്നുവെന്നാണ് സംഘടനയുടെ അവകാശവാദം.യു ഡി എഫിന് പിന്തുണ നല്‍കുന്നതിന്‍റെ ഭാഗമായി കരയോഗങ്ങല്‍ പൊതുയോഗം വിളിച്ച് കൂട്ടി തീരുമാനം അറിയിച്ചു കൊണ്ടിരി ക്കുകയാണ്.

സിപിഎമ്മിനോടും കേന്ദ്ര-സംസ്ഥാന സര്‍ക്കാറിനോടുമുള്ള എന്‍എസ്എസ് നേതൃത്വത്തിന്‍റെ നിലപാട് വ്യക്തമാക്കുന്നതാണ് ഇത്തവണത്തെ പരസ്യപ്രഖ്യാപനം. മുന്നാക്ക സംവരണം നടപ്പാക്കുന്നത് സര്‍ക്കാര്‍ ബോധപൂര്‍വമായി വച്ചു താമസിപ്പിക്കുന്നതില്‍ എല്ലാവരും അസ്വസ്ഥരാണെന്നും സംഗീത് കുമാര്‍ പറഞ്ഞു.

1991 ല്‍ എന്‍സ്എസിന്‍റെ രാഷ്ട്രീയ പാര്‍ട്ടിയായ എന്‍ഡിപിക്ക് മണ്ഡലത്തില്‍ രണ്ടാംസ്ഥാനത്ത് എത്താന്‍ സാധിച്ചിരുന്നു. 340 വോട്ടുകള്‍ക്ക് മാത്രമായിരുന്നു എന്‍ഡിപിക്ക് വേണ്ടി മത്സരിച്ച രവീന്ദ്രന്‍ തമ്പി എല്‍ഡിഎഫിലെ വിജയകുമാറിനോട് അന്ന് പരാജയപ്പെട്ടത്. എന്‍ഡിപി പിന്നീട് കേരള രാഷ്ട്രീയത്തില്‍ നിന്ന് അപ്രത്യക്ഷമായെങ്കിലും വട്ടിയൂര്‍ക്കാവിലെ വിജയത്തില്‍ എന്‍എസ്എസ് പിന്തുണ നിര്‍ണ്ണായകമായി തുടരുന്നുണ്ട്.

അതേസമയം, മറുവശത്ത് എന്‍എസ്എസ് നിലപാടിനെ മറികടക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്കരിക്കുകയാണ് സിപിഎമ്മും ബിജെപിയും. എന്‍എസ്എസ് നയത്തിനെതിരെ വീടുകള്‍ കയറി നിലപാട് വിശദീകരിക്കുകയാണ് എല്‍ഡിഎഫ് നേതാക്കള്‍. എന്‍എസ്എസ് സ്വാധീന മേഖലയായ നെട്ടയം ഉള്‍പ്പടേയുള്ള മേഖലയില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നേരിട്ടെത്തിയാണ് എല്‍ഡിഎഫ് നിലപാട് വിശദീകരിക്കുന്നത്.

സമുദായ അംഗങ്ങളെ നേരില്‍ കണ്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന മുന്നോക്ക സംവരണം അടക്കമുള്ള കാര്യങ്ങളും നിരത്തുന്നു. എന്‍എസ്എസ് നിലപാടില്‍ ആശങ്കയില്ലെന്നാണ് പുറത്ത് പറയുന്നതെങ്കിലും അണിയറയില്‍ നായര്‍ വോട്ടുകള്‍ ഉറപ്പിക്കാന്‍ വിവിധ തരത്തിലുള്ള പദ്ധതികളാണ് ഇടതുമുന്നണി ആവിഷ്കരിക്കുന്നത്.

നേതാക്കള്‍ക്ക് പുറമെ നായര്‍ സമുദായത്തില്‍ നിന്നുള്ള പാര്‍ട്ടി പ്രവര്‍ത്തകരേയും രംഗത്തിറക്കി സ്ക്വാഡ് പ്രവര്‍ത്തനം സജീവമായി മുന്നോട്ട് കൊണ്ടുപോവുകയാണ് എല്‍ഡിഎഫ്. നിലപാട് മയപ്പെടുത്തണം എന്നഭ്യര്‍ത്ഥിക്കാന്‍ സിപിഎം നേതാക്കള്‍ താലൂക്ക് യൂണിയന്‍ നേതൃത്വത്ത നേരില്‍ കണ്ടെങ്കിലും സുകുമാരന്‍ നായരുടെ നിര്‍ദ്ദേശം വ്യക്തമാണെന്നായിരുന്നു മറുപടി,

ഒരുവശത്ത് സമുദായഅംഗങ്ങളുടെ വോട്ടുറപ്പിക്കുന്നതിനോടൊപ്പം തന്നെ പരസ്യമായി യുഡിഎഫ് അനുകൂല നിലപാട് സ്വീകരിച്ച എന്‍എസ്എസിനെതിരെ രൂക്ഷമായി വിമര്‍നമാണ് ഇടത് നേതാക്കള്‍ നടത്തുന്നത്. വട്ടിയൂര്‍ക്കാവില്‍ ഒരു സംഘടന ജാതി പറഞ്ഞ് വോട്ട് തേടുന്നുവെന്നും ഇതിനെതിരെ പരാതി നല്‍കുമെന്നും കോടിയേരി തുറന്നടിച്ചു.

NO COMMENTS