കാസര്‍കോട‌് പാര്‍ലമെന്‍റ് മണ്ഡലം സ്ഥാനാര്‍ഥി രാജ‌്മോഹന്‍ ഉണ്ണിത്താന്റെ വാക്കും പ്രവൃത്തിയും യുഡിഎഫിന‌് ബാധ്യതയാവുന്നു.

310

കാസര്‍കോട‌് : ഉണ്ണിത്താന്റെ നാവിലൂടെ മണ്ഡലത്തില്‍ ഓളമാകാന്‍ കഴിയുമെന്ന‌് വിശ്വസിച്ച യുഡിഎഫ‌് വെട്ടിലായി. തെരഞ്ഞെടുപ്പ‌് ചട്ടംലംഘിച്ചതായി മുഖ്യവരണാധികാരി ഉണ്ണിത്താനെതിരെ റിപ്പോര്‍ട്ട‌് സമര്‍പ്പിച്ചതോടെ യുഡിഎഫിന‌് ആദ്യ തിരിച്ചടി നേരിട്ടു. പയ്യന്നൂര്‍ അരവഞ്ചാലില്‍ മതവികാരം ഇളക്കിവിടുന്ന പ്രസംഗം നടത്തിയതും ശബരിമല വിഷയം ഉന്നയിച്ചതുമാണ‌് ഉണ്ണിത്താനെ കുടുക്കിയത‌്. പ്രസംഗം ചട്ടലംഘനമാണെന്നാണ‌് റിപ്പോര്‍ട്ട‌്. ഇതിനായി മുഖ്യവരണാധികാരി കലക്ടര്‍ ഡോ. ഡി സജിത‌്ബാബു നിയോഗിച്ച രണ്ട‌് കമ്മിറ്റികളും പ്രസംഗം ചട്ടവിരുദ്ധമാണെന്ന‌് കണ്ടെത്തി. തുടര്‍ന്ന‌് ഉണ്ണിത്താന‌് കാരണം കാണിക്കല്‍ നോട്ടീസ‌് അയച്ചു. 48 മണിക്കൂറിനകം മറുപടി നല്‍കണം.

ചട്ടലംഘനം കെപിസിസി പ്രസിഡന്റ‌് മുല്ലപ്പള്ളി രാമചന്ദ്രനെയും അറിയിച്ചു. ഉണ്ണിത്താന‌് പാര്‍ടി ചിഹ്നമായ കൈപ്പത്തി അനുവദിച്ച ഫോം ബിയില്‍ ഒപ്പിട്ടയാള്‍ എന്ന നിലയിലാണ‌് മുല്ലപ്പള്ളിയെ വിവരം അറിയിച്ചത‌്. ഉണ്ണിത്താന്റെ വിശദീകരണം ലഭിച്ചതിന‌് ശേഷം മുഖ്യ തെരഞ്ഞെടുപ്പ‌് ഓഫീസര്‍ക്ക‌് വിശദാംശങ്ങള്‍ അയച്ചുകൊടുക്കും. പ്രസംഗത്തിന്റെ വീഡിയോ നേരിട്ട‌് പരിശോധിച്ച മുഖ്യവരണാധികാരിക്ക‌് ചട്ടലംഘനം ബോധ്യപ്പെട്ടിട്ടുണ്ട‌്. പെരുമാറ്റച്ചട്ടം നിരീക്ഷിക്കാന്‍ നിയോഗിച്ച അഡീഷണല്‍ ജില്ലാ മജിസ‌്ട്രേട്ട‌് കൂടിയായ നോഡല്‍ ഓഫീസര്‍ സി ബിജുവിന്റെ നേതൃത്വത്തിലുള്ള സമിതിയും മാധ്യമ നിരീക്ഷണത്തിന‌് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധു സെക്രട്ടറിയായ സമിതിയും വീഡിയോ പരിശോധിച്ചിരുന്നു. ഈ സമിതികളാണ‌് പ്രസംഗം ചട്ടലംഘനമാണെന്ന‌് കണ്ടെത്തി മുഖ്യവരണാധികാരിക്ക‌് റിപ്പോര്‍ട്ട‌് നില്‍കിയത‌്.

ശബരിമല ദര്‍ശനം സംബന്ധിച്ച കോടതിവിധിയെ അവഹേളിച്ചും അവിടെ സന്ദര്‍ശനം നടത്തിയ രണ്ട‌് യുവതികളെ മോശമായി ചിത്രീകരിച്ചും നടത്തുന്ന പ്രസംഗമാണ‌് ചട്ടലംഘനമായി മാറിയത‌്. വീഡിയോയുടെ ആധികാരികത പരിശോധിക്കാന്‍ സൈബര്‍ സെല്ലിന‌് കൈമാറിയിട്ടുണ്ട‌്. പ്രസംഗം രണ്ട‌് പ്രദേശിക ചാനലുകളും സംപ്രേക്ഷണം ചെയ‌്തിരുന്നു. ജനപ്രാതിനിധ്യ നിയമം 123-3(എ)യുടെ ലംഘനമാണ‌് ഉണ്ണിത്താന്റെ പ്രസംഗം. മതം, വംശം, ജാതി, സുമദായം, ഭാഷ എന്നിവയുടെ പേരില്‍ പൗരന്മാര്‍ തമ്മില്‍ ശത്രുതയോ, വെറുപ്പോ സൃഷ‌്ടിച്ച‌് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ സ്ഥാനാര്‍ഥിയോ, അദ്ദേഹത്തിന്റെ ആളുകളോ ശ്രമിക്കുന്നത‌് തടയുന്നതാണ‌് ഈ നിയമം.

അരവഞ്ചാല്‍ പ്രസംഗത്തില്‍ സമുദായ വികാരം വ്രണപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള പരാമര്‍ശം നടത്തിയിട്ടുണ്ടെന്ന‌് സമിതിക്ക‌് ബോധ്യപ്പെട്ടു. തെരഞ്ഞെടുപ്പിന‌് ശേഷവും ചട്ടലംഘനത്തിന‌് കേസ‌് വരാം. ശിക്ഷിച്ചാല്‍ ആറുമാസം വരെ തടവും ലഭിക്കും.ഉണ്ണിത്താന്റെ നാവ‌് വോട്ടുതരുമെന്നാണ‌് യുഡിഎഫ‌് പ്രതീക്ഷിച്ചത‌്. എന്നാല്‍ ആ നാവ‌് ഇപ്പോള്‍ വിനയായിരിക്കുകയാണ‌്. കാസര്‍കോട‌് ഡിസിസി നിര്‍ദേശിച്ച സുബയ്യ റൈയെ ഒഴിവാക്കി അവസാന നിമിഷമാണ‌് ഉണ്ണിത്താനെ കെട്ടിയിറക്കിയത‌്. ഇതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. സ്ഥാനാര്‍ഥിയും ഡിസിസിയും രണ്ട‌് വഴിക്കാണ‌്. ലീഗിലും അമര്‍ഷമുണ്ട‌്. അതിനിടയിലാണ‌് ചട്ടലംഘനവും.അതിനാല്‍ പല പ്രചാരണ പരിപാടികളും മാറ്റിവെക്കേണ്ടിവന്നു.

NO COMMENTS