കോഴിക്കോട്:സംസ്ഥാനത്ത് ഇത്തവണ യുഡിഎഫ് നേട്ടമുണ്ടാക്കും എന്നാണ് പൊതുവേ സര്‍വ്വേകള്‍ അടക്കം പ്രവചിച്ചിരിക്കുന്നത്. സര്‍വ്വേകള്‍ക്കപ്പുറത്ത് കോണ്‍ഗ്രസിന് ചില വിലയിരുത്തലുകളും കണക്ക് കൂട്ടലുകളുമൊക്കെയുണ്ട്. കേന്ദ്രത്തില്‍ അധികാരം തിരിച്ച് പിടിക്കാനുളള മത്സരത്തില്‍ കോണ്‍ഗ്രസിന് കേരളത്തിലെ 20 സീറ്റുകളിലേയും വിജയ പരാജയങ്ങള്‍ നിര്‍ണായകമാണ്. കേന്ദ്രത്തില്‍ രാഹുല്‍ ഗാന്ധിയുടെ കൈകള്‍ക്ക് കരുത്ത് പകരാനാണ് കേരളത്തില്‍ കോണ്‍ഗ്രസ് വോട്ട് തേടുന്നത്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയായി എത്തിയത് സംസ്ഥാനത്തെ കോണ്‍ഗ്രസിന് അത്യാവേശത്തിലുമാക്കി.
കേരളത്തിലെ തിരഞ്ഞെടുപ്പ് രംഗത്ത് വലിയ റോളൊന്നും ഇതുവരെ ഇല്ലാത്ത ബിജെപിയുടെ സാന്നിധ്യം ഇത്തവണ പല മണ്ഡലങ്ങളിലേയും ഫലം പ്രവചനാതീതമാക്കിയിരിക്കുകയാണ്. ക്രോസ് വോട്ടിംഗും അടിയൊഴുക്കുകളും ആര്‍ക്ക് ഗുണം ചെയ്യും എന്നത് കാത്തിരുന്ന് തന്നെ കാണേണ്ടതാണ്. എങ്കിലും കോണ്‍ഗ്രസ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്.
സംസ്ഥാനത്തെ 20 ലോക്‌സഭാ സീറ്റുകളില്‍ കഴിഞ്ഞ തവണ 12 ആയിരുന്നു യുഡിഎഫ് സമ്ബാദ്യം. ഇത്തവണ ഉറപ്പായും പതിമൂന്ന് സീറ്റുകളില്‍ വിജയിക്കും എന്നാണ് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നത്. മറ്റുളളിടങ്ങളിലെ സാധ്യതകള്‍ കൂടി കണക്കിലെടുത്താല്‍ പതിനാറില്‍ കുറയാത്ത സീറ്റുകള്‍ യുഡിഎഫിന് ലഭിക്കുമെന്നും കോണ്‍ഗ്രസ് കരുതുന്നു.
ന്യൂനപക്ഷ വോട്ടുകള്‍ ഇത്തവണ കോണ്‍ഗ്രസിന് അനുകൂലമായി വീഴും എന്നതാണ് കോണ്‍ഗ്രസ് പ്രതീക്ഷകളുടെ ആണിക്കല്ല്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷം ഇടതിനൊപ്പമായിരുന്നു നില കൊണ്ടത്. എന്നാല്‍ ഇത്തവണ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ന്യൂനപക്ഷം വിശ്വാസമര്‍പ്പിക്കുന്നുവെന്നാണ് വിലയിരുത്തല്‍.
ബിജെപി തീവ്ര ഹിന്ദുത്വത്തിലൂന്നി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുമ്ബോള്‍ ന്യൂനപക്ഷങ്ങള്‍ക്കൊപ്പം തങ്ങളുണ്ട് എന്ന പ്രതീതിയുണ്ടാക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടുണ്ട്. പ്രത്യേകിച്ച് മുസ്ലീം വോട്ടുകള്‍ കൂടുതലുളള വയനാട് രണ്ടാം മണ്ഡലമായി രാഹുല്‍ ഗാന്ധി തിരഞ്ഞെടുക്കുക കൂടി ചെയ്തതോടെ ഇത്തവണ ന്യൂനപക്ഷ വോട്ടുകളെ കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിക്കുമെന്നും കണക്ക് കൂട്ടപ്പെടുന്നു.
ബിജെപിയെ ദേശീയ തലത്തില്‍ പ്രതിരോധിക്കാന്‍ കേരളത്തില്‍ മാത്രമുളള ഇടത് പാര്‍ട്ടികളെ കൊണ്ട് സാധിക്കില്ലെന്നും അതിന് കോണ്‍ഗ്രസ് തന്നെ വേണം എന്നുമുളള തോന്നല്‍ ന്യൂനപക്ഷങ്ങള്‍ക്കിടയിലുണ്ടാക്കാന്‍ സാധിച്ചും എന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. കോണ്‍ഗ്രസിന് മറ്റൊരു പ്രതീക്ഷ ശബരിമലയാണ്.
ശബരിമല വിഷയത്തില്‍ ബിജെപിക്കും കോണ്‍ഗ്രസിനും ഒരേ നിലപാടാണ്. എന്നാല്‍ ബിജെപിയേക്കാള്‍ ഏറെ തിരഞ്ഞെടുപ്പില്‍ ശബരിമലയുടെ ഗുണം തങ്ങള്‍ക്ക് ലഭിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. ശബരിമലയില്‍ സര്‍ക്കാര്‍ നിലപാടിനോട് എതിര്‍പ്പുളളവരും എന്നാല്‍ ബിജെപി വിരുദ്ധരുമായ ആളുകള്‍ കോണ്‍ഗ്രസിനെ തിരഞ്ഞെടുക്കും എന്നാണ് നേതാക്കള്‍ കരുതുന്നത്.
ബിജെപിക്ക് പല മണ്ഡലങ്ങലിലും തീര്‍ത്തും ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളാണ് എന്നതും ശബരിമല വിഷയത്തിലെ വോട്ടുകള്‍ തങ്ങള്‍ക്ക് ലഭിക്കുമെന്ന് കണക്ക് കൂട്ടാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിക്കുന്നത്. നേതാക്കള്‍ അവകാശപ്പെടുന്നത് പാലക്കാട് ഒഴികെയുളള പത്തൊന്‍പത് മണ്ഡലങ്ങളിലും കോണ്‍ഗ്രസിന് ഏറിയും കുറഞ്ഞും വിജയസാധ്യത ഉണ്ട് എന്നതാണ്.
ആറ് സീറ്റുകളിലാണ് ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നത്. തിരുവനന്തപുരം, ആറ്റിങ്ങല്‍, കൊല്ലം, തൃശൂര്‍, ആലത്തൂര്‍, കാസര്‍ഗോഡ് എന്നീ മണ്ഡലങ്ങളിലാണ് കടുത്ത പോരാട്ടമുളളത്. ഇതില്‍ തിരുവനന്തപുരവും കൊല്ലവും യുഡിഎഫ് സിറ്റിംഗ് സീറ്റുകളാണ്. ആറ്റിങ്ങലും തൃശൂരും ആലത്തൂരും കാസര്‍ഗോഡും എല്‍ഡിഎഫ് സീറ്റുകളാണ്.
ഈ സീറ്റുകളില്‍ ചിലതെങ്കിലും ലഭിക്കുമെന്നും 16ല്‍ കുറയാത്ത സീറ്റുകള്‍ ലഭിക്കുമെന്നും കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നു. കോണ്‍ഗ്രസ് ജയം ഉറപ്പിച്ചിരിക്കുന്ന മണ്ഡലങ്ങള്‍ പത്തനംതിട്ട, മാവേലിക്കര, ആലപ്പുഴ, കോട്ടയം, എറണാകുളം, ചാലക്കുടി, ഇടുക്കി, മലപ്പുറം, പൊന്നാനി, വടകര, കോഴിക്കോട്, കണ്ണൂര്‍, വയനാട് എന്നിവയാണ്.