സാന്‍ സാല്‍വദോര്‍ : 2013നുശേഷമുള്ള കണക്കാണ് റിപ്പോര്‍ട്ടിലുള്ളത്. അമേരിക്ക അഭയം നല്‍കാതെ നാടുകടത്തിയ 138 കുടിയേറ്റക്കാരെങ്കിലും എല്‍സാല്‍വദോറില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് എന്ന മനുഷ്യാവകാശ സംഘടന പുറത്തുവിട്ട ‘ഡീപോര്‍ട്ടഡ് ടു ഡേഞ്ചര്‍’ എന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ഔദ്യോഗിക കണക്കുകളില്ലാത്തതിനാല്‍ യഥാര്‍ഥ മരണസംഖ്യ ഇതിലും വളരെയധികമായിരിക്കും എന്നാണ് കണക്കാക്കുന്നത്.
ട്രംപ് ഭരണകൂടം കുടിയേറ്റനയം കര്‍ക്കശമാക്കിയതുമൂലം കുടിയേറ്റക്കാര്‍ നേരിടുന്ന അപകടങ്ങള്‍ മൂര്‍ച്ഛിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കയില്‍നിന്ന് തിരിച്ചയക്കപ്പെട്ട എഴുപതില്‍പ്പരം സാല്‍വദോറുകാര്‍ ലൈംഗി കാതിക്രമം, പീഡനം, മറ്റ് ആക്രമണങ്ങള്‍ എന്നിവ നേരിടുകയോ കാണാതാകുകയോ ചെയ്‌തിട്ടുണ്ട്. സാല്‍വദോറന്‍ അക്രമി സംഘങ്ങളും സര്‍ക്കാരുമാണ് ഇതിനുത്തരവാദികള്‍. നാടുകടത്തപ്പെടുന്നവര്‍ അപകടത്തിലാകാമെന്ന് അറിയാവുന്നതോ അറിയേണ്ടതോ ആയ അമേരിക്കന്‍ അധികൃതരും കുറ്റക്കാരാണ്.രണ്ട് പതിറ്റാണ്ടോളം കാലിഫോര്‍ ണിയയില്‍ ജോലി ചെയ്‌ത നാല്‍പ്പത്തൊന്നുകാരനാണ് നാടുകടത്തപ്പെട്ട മറ്റൊരാള്‍. മരണഭീതിയോടെയാണ് ഇപ്പോള്‍ ഇയാള്‍ കഴിയുന്നത്.
ഒരിക്കല്‍ വധശ്രമം അതിജീവിച്ച അയാള്‍ ഇപ്പോള്‍ അക്രമിസംഘത്തിന് പണം നല്‍കിയാണ് അവരുടെ പ്രദേശത്തുകൂടി വാഹനം ഓടിക്കുന്നത്. ബാരിയോ 18 എന്ന ബഹുരാഷ്‌ട്ര സംഘത്തിന്റെ വധഭീഷണിയില്‍നിന്ന് രക്ഷപ്പെടാന്‍ 2017 ആഗസ്‌തില്‍ അമേരിക്കയില്‍ അഭയംതേടിയ ട്രാന്‍സ്‌ജെന്‍ഡര്‍ കാമില ഡയസ് കോര്‍ഡോവ(29)യുടെ അനുഭവം റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നു. 2017ല്‍ തിരിച്ചയക്കപ്പെട്ട അവര്‍ ലൈംഗിക തൊഴിലിലേക്ക് മടങ്ങി. എന്നാല്‍, പൊലീസ് ഇവരെ തട്ടിക്കൊണ്ടുപോയി തല്ലിക്കൊന്നതായി ഒരു സുഹൃത്ത് പറഞ്ഞു.