വെഞ്ഞാറമൂട് ഇരട്ട കൊലപാതകം – കോണ്‍ഗ്രസ് നേതാക്കളായ കൂടുതല്‍ പേരിലേക്ക് അന്വേഷണം- വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന.

73

തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ ഹഖ് മുഹമ്മദും മിഥിലാജും കൊല്ലപ്പെട്ട സംഭവത്തില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളായ കൂടുതല്‍ പേരിലേക്ക് അന്വേഷണം നീളുന്നു. കൊലയ്ക്കു പിന്നില്‍ രാഷ്ട്രീയ കാരണങ്ങള്‍ തന്നെയെന്ന നിഗമത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നവരുടെ ഫോണ്‍കാളുകളും, ഇവരുമായി ബന്ധമുള്ളവരുടെ നീക്കങ്ങളും നിരീക്ഷണത്തിലാണ്. കേസില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന.

ഉത്രാടദിവസം രാത്രി നടന്ന ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പുല്ലമ്ബാറ സ്വദേശികളായ ഷജിത് മന്‍സിലില്‍ ഷജിത് (27), ചരുവിള പുത്തന്‍ വീട്ടില്‍ അജിത് (27), റോഡരികത്ത് വീട്ടില്‍ നജീബ് (41), റോഡരികത്ത് വീട്ടില്‍ സതി മോന്‍ (47), ചെറുകോണത്ത് വീട്ടില്‍ സജീവ് (35), മദപുരം ചരുവിള വീട്ടില്‍ സനല്‍ (32), തടത്തരികത്ത് വീട്ടില്‍ പ്രീജ (30) എന്നീ ഏഴുപേരെ നേരത്തെ റിമാന്‍ഡ് ചെയ്‌തിരുന്നു. രണ്ടു പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചെന്നു കണ്ടെത്തിയാണ് പ്രീജയെ അറസ്റ്റ് ചെയ്‌തത്. പ്രീജ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകയാണെന്ന വാര്‍ത്തകള്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി നിഷേധിച്ചു.

കൃത്യത്തില്‍ നേരിട്ടു പങ്കെടുത്തതായി പൊലീസ് പറയുന്ന ഐ.എന്‍.ടി.യു.സി നേതാവ് മദപുരം ഉണ്ണിക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയെന്നാണ് അന്വേഷണസംഘത്തിന്റെ വിശദീകരണമെങ്കിലും ഇയാളും കൂട്ടാളി അന്‍സാറും കഴഞ്ഞ ദിവസം തന്നെ കസ്റ്റഡിയിലായതായാണ് കരുതപ്പെടുന്നത്. വിശദമായ ചോദ്യംചെയ്യലില്‍ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായതിനു ശേഷമേ അറസ്റ്റ് രേഖപ്പെടുത്തൂ.

കേസില്‍ ഐ.പി.സി 120- എ വകുപ്പ് ചേര്‍ത്തിട്ടുള്ളതിനാല്‍ ഏതു തരം ഗൂഢാലോചനയും അന്വേഷണ പരിധിയില്‍ വരുമെന്ന് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന റൂറല്‍ എസ്.പി. ബി.അശോകന്‍ പറഞ്ഞു. സംശയിക്കപ്പെടുന്നവരുടെ കഴിഞ്ഞ രണ്ടു മാസത്തെ ഫോണ്‍കാള്‍ വിവരങ്ങള്‍ സൈബര്‍ ടീമിന്റെ സഹായത്തോടെ പരിശോധിക്കാനാണ് തീരുമാനം. സി.പി.എം നേതാക്കള്‍ ആരോപിക്കുന്ന വിധത്തില്‍ സംഭവത്തില്‍ ഉന്നത ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ അക്കാര്യം ഇതിലൂടെ വെളിപ്പെടും. ആറ്റിങ്ങല്‍ ഡിവൈ.എസ്.പി. എസ്.വൈ. സുരേഷിനാണ് അന്വേഷണ ചുമതല.

പ്രതികളുമായി ബന്ധപ്പെട്ടിരുന്നുവെന്ന സംശയത്തില്‍ കോണ്‍ഗ്രസ് തലയല്‍ വാര്‍ഡ് മെമ്ബറായ ഗോപന്റെ മൊഴിയെടുക്കാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഗോപനുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്ത നിലയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അതേസമയം ഒളിവില്‍ പോയിട്ടില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ഗോപന്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. വാര്‍ഡ് അംഗമെന്ന നിലയില്‍ തന്നെ പലരും ബന്ധപ്പെടാറുണ്ട്. സനലും ഉണ്ണിയും ഇങ്ങനെ ബന്ധപ്പെട്ടിരിക്കാം. ഫ്ലക്സ് എടുക്കുന്നതിന് ഉണ്ണി വീട്ടില്‍ വന്നിരുന്നു. എന്നാല്‍ കൊലപാതകവുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും സംസാരിച്ചിട്ടില്ലെന്നും ഗോപന്‍ പറയുന്നു.

NO COMMENTS