കാസര്‍കോട് : കോവിഡ് ആശുപത്രിയാക്കി മാറ്റിയ കാസര്‍കോട് ഗവ.മെഡിക്കല്‍ കോളേജില്‍ കൊറോണ ബാധിതരെ പ്രവേശിപ്പിച്ചു തുടങ്ങി. കഴിഞ്ഞ ദിവസം (ഏപ്രില്‍ 6) കോവിഡ്-19 സ്ഥിരീകരിച്ച ഒമ്പതു പേരില്‍ നിന്നും ആറുപേരെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
ബാക്കിയുള്ള മൂന്നു പേരെ അവരുടെ ആവശ്യപ്രകാരം ബന്ധുക്കള്‍ ചികിത്സയില്‍ കഴിയുന്ന ജില്ലാ-ജനറല്‍ ആശുപത്രികളിലേക്ക് മാറ്റിയതായി ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രൊജക്ട് മാനേജര്‍ ഡോ. രാമന്‍ സ്വാതി വാമന്‍ പറഞ്ഞു. പതിനേഴോളം വരുന്ന ജീവനക്കാര്‍ക്ക് പുറമേ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡപ്യൂട്ടി സൂപ്രണ്ട് ഡോ.എസ് എസ് സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ 27 പേരടങ്ങുന്ന വിദഗ്ധ സംഘം മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം മെഡിക്കല്‍ കോളേജില്‍ സേവനമനുഷ്ടിക്കുന്നുണ്ട്. കോവിഡ് സ്ഥിരീകരിച്ചവരെയാണ് ഇവിടെ ചികിത്സിക്കുന്നത്
യുദ്ധകാലാടിസ്ഥാനത്തില്‍ തയ്യാറാക്കിയ ആശുപത്രിയില്‍ നിലവില്‍ ഇരുനൂറോളം കിടക്കകളും പത്ത് ഐസിയു കിടക്കകളും സജ്ജീകരിച്ചിട്ടുണ്ട്. രാജ്യത്താകെ നിലവില്‍ വന്ന ലോക്ഡൗണ്‍ കാരണം വിവിധയിടങ്ങളിലായി തടസപ്പെട്ട് കിടക്കുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ ആശുപത്രിയിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്. അടിയന്തര സാഹര്യങ്ങളില്‍ ആവശ്യമായ പോര്‍ട്ടബ്ള്‍ എക്സ് റേ യൂണിറ്റ് ഇന്ന് (ഏപ്രില്‍ 7) രാത്രിയോടെ എത്തും.