മലയാളം സർവകലാശാലയുടെ ദർശന രേഖ മുഖ്യമന്ത്രിക്ക് സമർപ്പിച്ചു

15

മലയാളത്തിന്റെ വൈജ്ഞാനിക പദവി ഉറപ്പുവരുത്തുന്നതിനും മലയാളം സർവകലാശാലയെ ബഹുജന വിദ്യാഭ്യാസ ത്തിനുള്ള കേന്ദ്രമായി ഉയർത്താൻ സഹായിക്കുന്നതുമായ ദർശനരേഖ വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോ ളിന്റെ നേതൃത്വത്തിൽ സർവകലാശാല അധികൃതർ മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചു. ശൈലീപുസ്തക നിർമാണം, പദകോശ നിർമാണം, വിജ്ഞാനകോശ നിർമാണം, പരിഭാഷകളും മൗലിക ഗ്രന്ഥങ്ങളും നിർമിക്കൽ, ഓൺലൈൻ കോഴ്‌സുകൾ, ഡിജിറ്റൽ മാനവിക വിഷയ പഠന കേന്ദ്രം ആരംഭിക്കൽ തുടങ്ങിയ നിർദ്ദേശങ്ങളാണ് പ്രധാനമായും ദർശന രേഖയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

മലയാളം സർവകലാശാലയിൽ ഗണിതശാസ്ത്രം, നിയമം തുടങ്ങിയ വിഷയങ്ങളിൽ ബിരുദാനന്തരബിരുദ കോഴ്‌സ് ആരംഭിക്കുന്നതിനുള്ള അനുമതിയും തേടിയിട്ടുണ്ട്.പുരാരേഖ വിജ്ഞാനീയം (എപ്പിഗ്രാഫി) പ്രത്യേക കോഴ്‌സായി പഠിപ്പിക്കാനുള്ള സംവിധാനം ആരംഭിക്കണമെന്ന ആവശ്യവും ദർശനരേഖ മുന്നോട്ടു വച്ചിട്ടുണ്ട്. തഞ്ചാവൂർ തമിഴ് സർവകലാശാലയിൽ മലയാളം ചെയർ ആരംഭിക്കൽ, പുതിയ കാമ്പസ് വികസിപ്പിക്കുന്നതിനും കെട്ടിട നിർമാണത്തിനും ആവശ്യമായ ഫണ്ട്, നിലവിലെ പഠനകേന്ദ്രത്തിൽ 1:2:3 അനുപാതത്തിൽ അധ്യാപക നിയമനം, അനധ്യാപക നിയമനം ത്വരിതപ്പെടുത്തൽ തുടങ്ങിയ ആവശ്യങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്.

പൈതൃക പഠന കേന്ദ്രം, പൈതൃക മ്യൂസിയം എന്നിവ വിപുലീകരിച്ച് ഡിജിറ്റൽ മാനവിക വിഷയ പഠന കേന്ദ്രം ആരംഭിക്കാമെന്നാണ് ദർശനരേഖയിൽ നിർദ്ദേശിച്ചിരിക്കുന്നത്. ഇവിടെ കേരളഭാഷ, സംസ്‌കാരം എന്നിവയുമായി ബന്ധപ്പെട്ട ഡിജിറ്റൽ ആർക്കൈവിങും വിശകലനവും നടത്താനാവും. വൈജ്ഞാനിക വിഷയങ്ങളിൽ താത്പര്യമുള്ള വർക്കായി ഹ്രസ്വകാല ഓൺലൈൻ കോഴ്‌സുകളാണ് ദർശനരേഖയിൽ ഉൾപ്പെടുത്തിയിട്ടുള്ള സുപ്രധാന നിർദ്ദേശങ്ങളിലൊന്ന്.

പരിസ്ഥിതി പഠനം, നിയമസാക്ഷരത, വികസന പഠനം, ചലച്ചിത്രപഠനം, സാഹിത്യ രചനാതന്ത്രം തുടങ്ങിയവയിൽ ഊന്നിയുള്ള കോഴ്‌സുകളായിരിക്കും. വിവിധ വൈജ്ഞാനിക മേഖലകളിൽ അടിസ്ഥാന ഗ്രന്ഥങ്ങളും ലേഖനങ്ങളും തയ്യാറാക്കുന്നതിനും ആവശ്യമുള്ള സന്ദർഭങ്ങളിൽ പരിഭാഷ ചെയ്യിപ്പിക്കുന്നതിനുമുള്ള ഉദ്യമങ്ങൾ ഏറ്റെടുക്കേണ്ടതിന്റെ ആവശ്യകതയും വ്യക്തമാക്കിയിട്ടുണ്ട്.

NO COMMENTS