കാസര്‍കോട് : തദ്ദേശസ്വയംഭരണസ്ഥാപന ങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയില്‍ വോട്ടിങ്‌യന്ത്രങ്ങള്‍ കമ്മീഷന്‍ ചെയ്തു. ബ്ലോക്ക്, നഗരസഭാ അടിസ്ഥാനത്തില്‍ ജില്ലയിലെ എട്ടു കേന്ദ്രങ്ങളിലായാണ് നടപടികള്‍ പൂര്‍ത്തീകരിച്ചത്.
കാസര്‍കോട് ബ്ലോക്കിന് കീഴിലുള്ള പഞ്ചായത്തുകളുടെയും കാസര്‍കോട് നഗരസഭയുടെയും വോട്ടിങ് യന്ത്രങ്ങളുടെ കമ്മീഷനിങ് നടപടികള്‍ക്ക് കാസര്‍കോട് ഗവണ്‍മെന്റ് കോളേജും കാഞ്ഞങ്ങാട് നഗരസഭയുടേത് ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും കാഞ്ഞങ്ങാട് ബ്ലോക്കിന്റേത് ദുര്‍ഗാ ഹയര്‍സെക്കന്‍ഡറിയിലും, മഞ്ചേശ്വരം ബ്ലോക്കിന് കുമ്പള ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളും കാറഡുക്ക ബ്ലോക്കിന് ബോവിക്കാനം ബിആര്‍എച്ച്എച്ച്എസ്എസും പരപ്പ ബ്ലോക്കിന് പരപ്പ ജിഎച്ച്എസിലും നീലേശ്വരം ബ്ലോക്കിന് പടന്നക്കാട് നെഹ്റു കോളേജിലും നീലേശ്വരം നഗരസഭയുടേത് രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലുമാണ് പ്രവര്‍ത്തന കേന്ദ്രമായി നിശ്ചയിച്ചത്. രാവിലെ എട്ടു മണി മുതല്‍ തന്നെ നടപടികള്‍ ആരംഭിച്ചു.
സ്ട്രോങ് റൂമില്‍ സൂക്ഷിച്ചിരുന്ന വോട്ടിങ് യന്ത്രങ്ങള്‍ പോലീസ് അകമ്പടിയോടെയാണ് ഓരോ പഞ്ചായത്തിനായും നിശ്ചയിച്ചിരുന്ന മുറികളിലേക്ക് എത്തിച്ചത്. റിട്ടേണിങ് ഓഫീസര്‍, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍, സ്ഥാനാര്‍ത്ഥി അല്ലെങ്കില്‍ പ്രതിനിധി എന്നിവരുടെ സാന്നിധ്യത്തിലാണ് വോട്ടിങ് യന്ത്രങ്ങളില്‍ സ്ഥാനാര്‍ത്ഥിയുടെ പേരും ചിഹ്നവും പതിച്ചത്. അതിന് ശേഷം സീല്‍ ചെയ്തു. ഇത് വീണ്ടും സ്ട്രോങ് റൂമിലേക്ക് മാറ്റുന്നതോടെയാണ് നടപടികള്‍ പൂര്‍ത്തീകരിക്കുന്നത്. 13ന് രാവിലെ പോളിങ് സാമഗ്രികള്‍ പോളിങ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറുന്ന വേളയിലാണ് സ്ട്രോങ് റൂം തുറക്കുക. റിട്ടേണിങ് ഓഫീസര്‍, സ്ഥാനാര്‍ത്ഥികള്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരിക്കും ഇത് ചെയ്യുക.