ഭിന്നശേഷിക്കാരായവർക്കുവേണ്ടി ചെറുകഥകൾ, കവിതാസമാഹാരം, ചിത്രരചന തുടങ്ങിയവയിൽ സംസ്ഥാന ഭിന്നശേഷി കമ്മിഷൻ സംഘടിപ്പിച്ച മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു. ചെറുകഥവിഭാഗത്തിൽ ‘കിട്ടന്റേയും ടോമിയുടെയും കൊറോണകാല വിശേഷങ്ങൾ’ എന്ന ചെറുകഥ എഴുതിയ ധനുവച്ചപുരം മെക്കൊല്ല ഏഥൻ ഹോമിൽ വിജിമോൾ ബി.എസിന് ഒന്നാം സമ്മാനവും, കുട്ടാപ്പു എന്ന ഇംഗ്ലീഷ് വിവർത്തനഗ്രന്ഥം എഴുതിയ എറണാകുളം, കാലടി, ചെങ്കൽ പാറേലിൽ ഹൗസിൽ ആരിഫ്.പി.വൈക്ക് (എ. വിജയൻ മലായാളത്തിൽ രചിച്ച കുട്ടാപ്പു എന്ന മലയാള ബാലസാഹിത്യ പുസ്തകമാണ് ഇംഗ്ലീഷിലേക്ക് തർജിമ ചെയ്തത്) പ്രത്യേക പ്രോത്സാഹന സമ്മാനവും ലഭിച്ചു.
കവിതാസമാഹാരവിഭാഗത്തിൽ ‘കാൽവരയിലെ മാലാഖ’ എന്ന കവിതാസമാഹാരം എഴുതിയ കാസർഗോഡ് കൊടക്കാട് സി.വി സദനത്തിൽ സതി കൊടക്കാടിന് ഒന്നാം സമ്മാനവും, ധനുവച്ചപുരം സ്വദേശി വിജിമോൾ ബി.എസിന് മിഴിനീർ തുള്ളികൾ എന്ന കവിതാസമാഹാരത്തിന് രണ്ടാം സമ്മാനവും ലഭിച്ചു.
ചിത്രരചനാ വിഭാഗത്തിൽ തൃശ്ശൂർ ലാലൂർ എൽതുരുത്ത് അരിമ്പൂർ ഹൗസിൽ അജിൻ. ജെ.ജെ ഒന്നാം സമ്മാനവും തിരുവനന്തപുരം കാര്യവട്ടം വാഴവിള ജോഷിഭവനിൽ ജോഷി ജോർജ്ജിന് രണ്ടാം സമ്മാനവും ലഭിച്ചു.
ഡോ. ജോർജ്ജ് ഓണക്കൂർ ചെയർമാനും ഡോ. ദേശമംഗലം രാമകൃഷ്ണൻ, ടി.പി ശാസ്തമംഗലം എന്നിവർ അംഗങ്ങളായ സമിതിയാണ് വിജയികളെ തെരഞ്ഞെടുത്തത്. മത്സരത്തിൽ പങ്കെടുത്ത എല്ലാ ഭിന്നശേഷിക്കാർക്കും പ്രോത്സാഹന സമ്മാനം നൽകും. പുരസ്‌കാരങ്ങൾ ഭിന്നശേഷി കമ്മിഷണറേറ്റിന്റെ ആഭിമുഖ്യത്തിലുള്ള പൊതുചടങ്ങിൽ വിതരണം ചെയ്യുമെന്നും ഭിന്നശേഷി കമ്മിഷണർ അറിയിച്ചു.