സ്രാവുകളുടെ ആക്രമണത്തിൽ യുവതി ദാരുണമായി കൊല്ലപ്പെട്ടു

172

കാലിഫോര്‍ണിയ: യു.എസിലെ കാലിഫോര്‍ണിയ സ്വദേശിയും വിദ്യാര്‍ഥിയുമായ ജോര്‍ദാന്‍ ലിന്‍ഡ്‌സേയാണ് മൂന്ന് സ്രാവുകളുടെ ആക്രമണത്തില്‍ അതിദാരുണമായി കൊല്ലപ്പെട്ടത്. ജൂണ്‍ 26 ബുധനാഴ്ച കരീബിയന്‍ രാജ്യമായ ബഹാമാസിലായിരുന്നു സംഭവം.

കുടുംബാംഗങ്ങള്‍ക്കൊപ്പം അവധിആഘോഷിക്കാനായാണ് ലിന്‍ഡ്‌സേ ബഹാമാസിലെത്തിയത്. റോസ് ദ്വീപിന് സമീപം സ്‌നോര്‍ക്കലിങ് ചെയ്യുന്നതിനിടെയാണ് സ്രാവുകള്‍ യുവതിയെ അക്രമിച്ചത്. ഇരച്ചെത്തിയ മൂന്ന് സ്രാവുകള്‍ യുവതിയുടെ കൈകളിലും കാലുകളിലും വയറിലും കടിച്ചെന്നും ആക്രമണത്തില്‍ യുവതിയുടെ വലതുകൈ അറ്റുപോയെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സ്‌നോര്‍ക്കലിങിനിടെ സ്രാവുകള്‍ വരുന്നത് കണ്ട് കുടുംബാംഗങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ലിന്‍ഡ്‌സേ ഇത് കേട്ടില്ലെന്നും ആക്രമണത്തില്‍ മാരകമായി പരിക്കേറ്റ യുവതിയെ കരയ്‌ക്കെത്തിച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചെന്നും ബഹാമാസ് ടൂറിസം മന്ത്രാലയവും അറിയിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ടൂറിസം മന്ത്രാലയം വ്യക്തമാക്കി.

അതിനിടെ യുവതിയുടെ മൃതദേഹം കാലിഫോര്‍ണിയയില്‍ എത്തിക്കാന്‍ പണമില്ലാത്തതിനാല്‍ കുടുംബാംഗങ്ങള്‍ ക്രൗഡ് ഫണ്ടിങ്ങിലൂടെ പണം സമാഹരിക്കുന്നുണ്ട്. ഗോഫണ്ട്മീ പേജിലൂടെ ആരംഭിച്ച ധനസമാഹരണത്തില്‍ ഇതുവരെ 23000 ഡോളര്‍ ലഭിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

NO COMMENTS