വീട്ടിൽ പ്രസവം, രക്തം വാർന്ന് യുവതി മരിച്ചത് മനപൂർവമുള്ള നരഹത്യക്ക് തുല്യം

9

വീട്ടിലെ പ്രസവത്തെ തുടർന്ന് രക്തം വാർന്ന് യുവതി മരിച്ചത് മനപൂർവമുള്ള നരഹത്യക്ക് തുല്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മാതൃമരണ നിരക്കും ശിശുമരണ നിരക്കും ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം. പക്ഷെ വർത്തമാന കാലത്ത് ചില തെറ്റായ പ്രവണതകൾ കൂടി നമ്മുടെ സമൂഹത്തിൽ ഉണ്ടാകുന്നു എന്നത് അനഭിലഷണീയമായ കാര്യമാണ്. കഴിഞ്ഞ ദിവസം ഉണ്ടായ ഒരു അമ്മയുടെ മരണം തികച്ചും നിർഭാഗ്യകരമാണ്.

രണ്ടുമൂന്ന് ആഴ്ച മുമ്പ് ആശാ പ്രവർത്തക വീട്ടിൽ പോയപ്പോൾ പുറത്ത് വന്നില്ല എന്ന് ജില്ലയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു. പിന്നീട് ആരോഗ്യ പ്രവർത്തക കണ്ടപ്പോഴും കാര്യം പറഞ്ഞില്ല. പ്രാഥമിക അന്വേഷണത്തിൽ 3 മണിക്കൂറോളം രക്തം വാർന്ന് അവർക്ക് കിടക്കേണ്ടി വന്നു എന്നറിഞ്ഞു. ഇത് വളരെ ഗൗരവമുള്ള വിഷയമാണെന്നും ശക്തമായി എതിർക്കണമെന്നും മന്ത്രി വ്യക്തമാക്കി.

ലോകാരോഗ്യ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനവും സർക്കാർ ആശുപത്രികളിലെ ഡിജിറ്റൽ സംവിധാനങ്ങളുടെ ഉദ്ഘാടനവും മികച്ച ഡോക്ടർമാർക്കുള്ള അവാർഡ് വിതരണവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

പതിറ്റാണ്ടുകളായുള്ള പ്രവർത്തനങ്ങളിലൂടെ മാതൃശിശു മരണണങ്ങൾ കുറയ്ക്കാൻ നമുക്കായി. ഇന്ത്യയിൽ ഒരു ലക്ഷം പ്രസവം നടക്കുമ്പോൾ 97 അമ്മമാർ മരിക്കുന്നു. എന്നാൽ കേരളത്തിൽ അത് 19 മാത്രമാണ്. ഇതിന് അത്യധ്വാനം ചെയ്തത് കേരളത്തിലെ ആരോഗ്യ പ്രവർത്തകരാണ്. സർക്കാർ നയങ്ങളും ഇതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ശാസ്ത്രീയ ഇടപെടലിലുടെ, സമൂഹത്തിന്റെ ഇടപെടലിലൂടെ മാതൃ ശിശു മരണങ്ങൾ കുറയ്ക്കാനായെന്ന് മന്ത്രി പറഞ്ഞു.

ഈ സർക്കാർ വന്നത് കോവിഡ് രണ്ടാം തരംഗ തുടക്കകാലത്താണ്. ഇനിയൊരു ലോക്ഡൗൺ പാടില്ല എന്ന നയമാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചത്. വാക്സിൻ ഫലപ്രദമായി നടപ്പിലാക്കി. മികച്ച പ്രവർത്തനങ്ങളിലൂടെ കേരളം ഒറ്റക്കെട്ടായി കോവിഡിനേയും പിന്നീട് നിപയേയും പ്രതിരോധിച്ചു.

പുതിയ പൊതുജനാരോഗ്യ നിയമം കേരളത്തിൽ നടപ്പിലാക്കി. മനുഷ്യന്റേയും പ്രകൃതിയുടേയും ജീവജാലങ്ങളുടേയും ആരോഗ്യം ഉറപ്പ് വരുത്തുന്ന ഏകാരോഗ്യത്തിൽ ഊന്നിയുള്ളതാണ് ആ നിയമം. 2021ൽ നമ്മുടെ ആശുപത്രികളിൽ സൗജന്യ ചികിത്സ തേടിയവരുടെ എണ്ണം രണ്ടര ലക്ഷമായിരുന്നു. എന്നാൽ 2024 അവസാനത്തിൽ അത് ആറേമുക്കാൽ ലക്ഷമായി വർധിച്ചു. വലിയ വികസന പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്തിൽ കെസിഡിസിയുടെ പ്രവർത്തനം കൂടി ആരംഭിക്കും. അപൂർവരോഗ ബാധിതരായ കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കായി കെയർ പദ്ധതി ആരംഭിച്ചു. എഎംആർ രംഗത്ത് രാജ്യത്തിന് മാതൃകയായ പ്രവർത്തനം നടത്തി. കുഞ്ഞുങ്ങളിലെ വൃക്ക രോഗവുമായി ബന്ധപ്പെട്ട് പ്രതീക്ഷ പദ്ധതി ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

മികച്ച ഡോക്ടർമാർക്കുള്ള പുരസ്‌കാരം നേടിയ ഡോക്ടർമാരെ മന്ത്രി അഭിനന്ദിച്ചു.

2022 ലെ മികച്ച ഡോക്ടർമാർക്കുള്ള അവാർഡ് ലഭിച്ചവർ: ഡോ. അനൂപ് സി ഒ (ഡിപ്പാർട്‌മെന്റ് ഓഫ് ഹെൽത്ത് സർവീസസ്), ഡോ. ഗോമതി എസ് (ഡിപ്പാർട്‌മെന്റ് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ), ഡോ. ജയശ്രീ എസ് (ഇൻഷുറൻസ് മെഡിക്കൽ സർവീസസ്), ഡോ. സജു എൻ എസ് (ഡെന്റൽ സ്‌പെഷ്യാലിറ്റീസ്), ഡോ ശശിധരൻ പി (പ്രൈവറ്റ് സെക്ടർ).

2023ലെ മികച്ച ഡോക്ടർമാർക്കുള്ള അവാർഡ് ലഭിച്ചവർ: ഡോ. അരവിന്ദ് ആർ (ഡിപ്പാർട്‌മെന്റ് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ), ഡോ. ബാബു ഇ സി (ഡെന്റൽ സ്‌പെഷ്യാലിറ്റീസ്), ഡോ. ബിന്ദു മേരി ഫ്രാൻസിസ് (ഇൻഷുറൻസ് മെഡിക്കൽ സർവിസസ്), ഡോ. ഡാഹർ മൊഹമ്മദ് വി പി (ഡിപ്പാർട്‌മെന്റ് ഓഫ് ഹെൽത്ത് സർവീസസ്), ഡോ. വി പി പൈലി (പ്രൈവറ്റ് സെക്ടർ).

കടകംപള്ളി സുരേന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ എൻഎച്ച്എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. വിനയ് ഗോയൽ സ്വാഗതവും ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെജെ റീന നന്ദിയും പറഞ്ഞു. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ ഖോബ്രഗഡെ മുഖ്യ പ്രഭാഷണം നടത്തി. ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ ദിനാചരണ സന്ദേശം നൽകി. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടർ ഡോ. വിശ്വനാഥൻ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ലിനറ്റ് ജെ മോറിസ്, ഡി.എം.ഒ. ഡോ. ബിന്ദു മോഹൻ, കെസിഡിസി സ്പെഷ്യൽ ഓഫീസർ ഡോ. എസ്.എ. ഹാഫിസ്, സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ. ബിജോയ്, ഡിപിഎം ഡോ. അനോജ്, ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. ശ്രീവിലാസൻ, കേരള ഫെഡറേഷൻ ഓഫ് ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി സ്റ്റേറ്റ് കോ-ഓർഡിനേറ്റർ ഡോ. അജിത്, ഐഎപി സംസ്ഥാന പ്രസിഡന്റ് ഡോ. റിയാസ്, സ്റ്റേറ്റ് മാസ് മീഡിയ ഓഫീസർ ഡോമി ജോൺ എന്നിവർ പങ്കെടുത്തു.

NO COMMENTS

LEAVE A REPLY