തൃശൂര്‍: പ്രതിസന്ധികള്‍ക്കൊടുവില്‍ തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍ പൂരവിളംബരത്തിന് എത്തിയതോടെ പൂരപ്രേമികളുടെ ആവേശം വാനോളമുയര്‍ന്നു.നെയ്തലക്കാവിലയമ്മയുടെ തിടമ്പ് കൊമ്പൻ ദേവീദാസനില്‍നിന്ന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഏറ്റുവാങ്ങുകയായിരുന്നു. ചടങ്ങ് തീരുന്നത് വരെ യാതൊരു പ്രശ്‌നങ്ങളുമുണ്ടാകാതെ കൃത്യമായി തന്നെ ആളുകളെ പൊലീസ് നിയന്ത്രിച്ചു.
കാര്യങ്ങള്‍ നേരിട്ട് നിയന്ത്രിക്കുന്നതിനായി മന്ത്രി വി എസ് സുനില്‍കുമാറും സ്ഥലത്തുണ്ടായിരുന്നു. പൂരത്തിന് തലേ ദിവസം നടക്കുന്ന ചടങ്ങിന് ചുരുക്കം അളുകളെ ഉണ്ടാകാറുള്ളുവെങ്കിലും ഇത്തവണ പതിവിന് വിപരീതമായി വലിയ ആള്‍ക്കൂട്ടമാണ് ചടങ്ങ് കാണാനെത്തിയത്. ഒന്‍പതര മുതല്‍ പത്തര മണി വരെ ഒരു മണിക്കൂര്‍ മാത്രമാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാന്‍ കലക്ടര്‍ അനുമതി നല്‍കിയത്.