ന്യൂഡല്‍ഹി: ആന്ധ്രപ്രദേശിന് മൂന്നു തലസ്ഥാനങ്ങള്‍ രൂപീകരിക്കാനുള്ള നീക്കങ്ങളുമായ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തമായ എതിര്‍പ്പിനെ മറികടന്നാണ് അമരാവതി, വിശാഖപട്ടണം, കര്‍ണൂല്‍ എന്നിങ്ങനെ മൂന്നു തലസ്ഥാനങ്ങള്‍ സംസ്ഥാനത്ത് ഉണ്ടാകുന്നത്.
എന്നാല്‍ ഇതുവരെ തലസ്ഥാന നഗരം പ്രഖ്യാപിച്ചിട്ടില്ലാത്ത സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. ഇന്ത്യയില്‍ തലസ്ഥാനമില്ലാത്ത ഏക സംസ്ഥാനവും ഉത്തരാഖണ്ഡ് തന്നെ. രണ്ടായിരിത്തിലായിരുന്നു ഉത്തര്‍പ്രദേശിനെ വിഭജിച്ച് ഉത്തരാഖണ്ഡ് സംസ്ഥാനം രൂപീകരിച്ചത്. എന്നാല്‍ സംസ്ഥാനം പിറവിയെടുത്ത് 19 വര്‍ഷം കഴിഞ്ഞിട്ടും ഇതുവരെ തലസ്ഥാന നഗരം തീരുമാനിക്കാന്‍ മാറി മാറി വന്ന സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞിട്ടില്ല.
ഡെറാഡൂണിനെ താല്‍ക്കാലിക തലസ്ഥാനമായി പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ ഇതിനെ തലസ്ഥാനമായി അംഗീകരിക്കാന്‍ വലിയൊരു വിഭാഗം വിസമ്മതിക്കുന്നതുകൊണ്ടാണ് തലസ്ഥാന പ്രഖ്യാപനം അനിശ്ചിതമായി നീളുന്നത്. ഒട്ടേറെ പ്രക്ഷോഭങ്ങള്‍ക്കും സമരങ്ങള്‍ക്കും ശേഷമാണ് ഉത്തരാഖണ്ഡ് സംസ്ഥാനം രൂപീകൃതമായത്.10 വര്‍ഷത്തിനിടയില്‍ കോണ്‍ഗ്രസും ബിജെപിയും മാറി മാറി ഉത്തരാഖണ്ഡ് ഭരിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് തലസ്ഥാന രൂപീകരണം സജീവ ചര്‍ച്ചയാകാറുണ്ടെങ്കിലും അതു കഴിയുന്പോള്‍ എല്ലാ പാര്‍ട്ടികളും ഈ ആവശ്യം സൗകര്യപൂര്‍വം മറക്കുകയാണ് പതിവ്.
പ്രക്ഷോഭങ്ങള്‍ക്കു നേതൃത്വം കൊടുത്തവരുടെ ആദ്യം മുതലുള്ള ആവശ്യമായിരുന്നു ഗയിര്സെയിന് തലസ്ഥാനമാക്കുക എന്നത്. പഴവര്‍ഗങ്ങളുടെ കൃഷി ഏറ്റവുമധികം നടക്കുന്ന ഗ്രാമീണ മേഖലയാണ് ഗയിര്സെയിന്, മലയോര മേഖലയുമാണ്.എന്നാല്‍ നഗരകേന്ദ്രീകൃതമായ ഡെറാഡൂണ്‍ ആണ് സംസ്ഥാന തലസ്ഥാനമാകേണ്ടതെന്ന് മറ്റൊരു കൂട്ടര് വാദിക്കുന്നു. താല്‍ക്കാലിക തലസ്ഥാനമായി ഡെറാഡൂണ്‍ തുടരുന്പോഴും ഗെയിര്സെയില് തലസ്ഥാനമാക്കി മാറ്റണമെന്ന് ആവശ്യത്തില്‍ ഇതുവരെ തീരുമാനം കൈക്കൊളളാന്‍ സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞിട്ടില്ല.