മത്തങ്ങാ ചോറുണ്ട്, കിഴങ്ങു പായസമുണ്ട് എത്‌നിക് ഫുഡ് ഫെസ്റ്റിവൽ അടിപൊളി

55

കേരളത്തിലെ ഗോത്രവിഭാഗങ്ങളുടെ തനത് ഭക്ഷണ സംസ്‌കാരവുമായി യൂണിവേഴ്‌സിറ്റി കോളജിൽ ഒരുക്കിയ എത്‌നിക് ഫുഡ് ഫെസ്റ്റിവൽ ശ്രദ്ധേയമാകുന്നു. ഔഷധഗുണങ്ങളും വേറിട്ട രുചികളുമായാണ് സംസ്ഥാനത്തെ വിവിധ ആദിവാസി മേഖലകളിൽനിന്നു കേരളീയത്തിൽ പങ്കെടുക്കാൻ ഇവർ എത്തിയത്. ഉൾവനത്തിൽനിന്നു ശേഖരിച്ച പഴങ്ങൾ, കിഴങ്ങുകൾ, ധാന്യങ്ങൾ, ഇല, പൂവ്, കൂണുകൾ തുടങ്ങിയ തനത് സസ്യ വർഗങ്ങൾ ഉപയോഗിച്ചാണ് ഭൂരിഭാഗം വിഭവങ്ങളും ഒരുക്കിയിരിക്കുന്നത്. വൈവിധ്യമാർന്ന വിഭവങ്ങളാണ് സന്ദർശകരെ ഈ പവലിയനിൽ കാത്തിരിക്കുന്നത്. നെടുവൻ കിഴങ്ങ്, മുളക് കഞ്ഞി, കവലാൻ കിഴങ്ങ് പായസം – പുഴുക്ക് തുടങ്ങിയവ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്നവയാണ്.

അട്ടപ്പാടിയിൽനിന്നുള്ള 108 സസ്യങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കിയ മരുന്ന് കാപ്പി വെറും 10 രൂപയ്ക്കാണ് വിൽക്കുന്നത്. ഒപ്പം ചാമയരി പായസം, റാഗി പഴംപൊരി, റാഗി പക്കാവട, ഇലയട എന്നിവയും മിതമായ നിരക്കിൽ ലഭ്യമാണ്. അട്ടപ്പാടിയിൽ നിന്നുള്ള തേൻ, മുളയരി, കുന്തിരിക്കം എന്നിവയ്ക്കും ആവശ്യക്കാരേറെയാണ്. ഊരാളി ആദിവാസി വിഭാഗങ്ങളുടെ തനതു വിഭവമായ മത്തങ്ങ ചോറും എലുപ്പാഞ്ചേരി തോരനും 30 രൂപയ്ക്കാണു ലഭിക്കുന്നത്. തനിമ എന്നു പേരുള്ള ഭക്ഷണ ശാലയിലെ പറണ്ടക്കയും കുത്തരിയും ചേർത്തുണ്ടാക്കിയ പായസം രുചികരവും ആരോഗ്യദായകവുമാണ്.

തേൻ നെല്ലിക്ക, തേൻ കാന്താരി, തേൻ വെളുത്തുള്ളി, തേൻ മാങ്ങായിഞ്ചി, തേൻ ഡ്രൈഫ്രൂട്ട്‌സ്, തേൻ നെല്ലിക്ക സിറപ്പ്, തേൻ മുന്തിരി, വയനാട്ടിൽ നിന്നുള്ള കൊല്ലിപ്പുട്ട്, കാരകുണ്ഡപ്പം, കാച്ചിൽ ചേമ്പ്, നിലമ്പൂരിലെ പാലക്കയത്തു നിന്നുള്ള നൂറാൻ, കവല എന്നീ കിഴങ്ങുകൾ ഉപയോഗിച്ചുള്ള അട, ഇലക്കറികൾ, പച്ചമരുന്ന് കാപ്പി എന്നിങ്ങനെ എണ്ണിയാൽ തീരാത്ത വിഭവങ്ങളാണ് നിരയിടുന്നത്. ഗോത്രവർഗസമൂഹത്തിന്റെ പല രുചിക്കൂട്ടുകളും പാചക വിധികളും അന്യംനിന്നു പോവുന്ന സാഹചര്യം ഒഴിവാക്കി കാടിന്റെ തനത് രുചി നഷ്ടപ്പെടാതെ തിരിച്ചുപിടിക്കാൻ കൂടിയാണ് കേരളീയം എത്നിക് ഫുഡ്ഫെസ്റ്റിവലിലൂടെ ശ്രമിക്കുന്നത്.

NO COMMENTS

LEAVE A REPLY