പുനർഗേഹം പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി തീരമേഖലയിൽ കുടിയൊഴിപ്പിക്കലോ ഭൂമി ഏറ്റെടുക്കലോ ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പുനർഗേഹം പദ്ധതിയിൽ 308 വീടുകളുടെയും 303 ഫ്‌ളാറ്റുകളുടെയും ഗൃഹപ്രവേശനവും താക്കോൽ നൽകലും ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തീരത്ത് വേലിയേറ്റ മേഖലയിൽ 50 മീറ്ററിനുള്ളിൽ താമസിക്കുന്ന 7716 പേർ മാറിത്താമസിക്കാൻ സന്നദ്ധത അറി യിച്ചിട്ടുണ്ട്. കൂടുതൽ പേർ പദ്ധതിയുമായി സഹകരിക്കണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. നിലവിൽ താമസിക്കുന്ന മേഖലയോടുള്ള ആത്മബന്ധം സർക്കാർ തിരിച്ചറിയുന്നുണ്ട്. നിരന്തര പ്രകൃതിക്ഷോഭത്തിൽ നിന്ന് തീരദേശവാസികളെ ശാശ്വതമായി രക്ഷിക്കാനുള്ള പദ്ധതിയായാണ് പുനർഗേഹം സർക്കാർ ആവിഷ്‌ക്കരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കടലാക്രമണം രൂക്ഷമായ സ്ഥലങ്ങളിൽ ജൈവവേലികൾ നിർമിച്ച് ബഫർ സോണാക്കി മാറ്റി തീരസംരക്ഷണം ഉറപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.
2016 മുതൽ 2019 വരെയുള്ള കാലയളവിൽ മാത്രം 403 വീടുകൾ പൂർണമായും 564 വീടുകൾ ഭാഗികമായും കടലാക്രമണത്തിൽ തകർന്നു. തീരമേഖലയിലെ ഒരു കുടുംബത്തിന് രണ്ടോ മൂന്നോ സെന്റ് ഭൂമി വാങ്ങുന്നതിന് ആറ് ലക്ഷം രൂപയാണ് പദ്ധതിയിൽ നൽകുന്നത്. ഭവന നിർമാണത്തിന് നാലു ലക്ഷം രൂപയും. ഭൂമി വില ആറ് ലക്ഷത്തിൽ താഴെയാണെങ്കിൽ ബാക്കി തുക ഭവന നിർമാണത്തിനായി അനുവദിക്കും. ഭൂമിയുടെ രജിസ്‌ട്രേഷന് ആവശ്യമായ തുക ഗുണഭോക്താവ് മുൻകൂർ അടയ്‌ക്കേണ്ടി വരുന്നത് ഒഴിവാക്കുന്നത് സർക്കാരിന്റെ പരിഗണനയിലാണ്.
2450 കോടി രൂപയാണ് പുനർഗേഹം പദ്ധതിക്കായി സർക്കാർ നീക്കി വച്ചിരിക്കുന്നത്. കഴിഞ്ഞ സർക്കാർ 260 വ്യക്തിഗത വീടുകൾ നിർമിച്ചു നൽകി. ഇപ്പോൾ 30.8 കോടി രൂപ ചെലവഴിച്ച് നിർമിച്ച 308 വീടുകളിൽ ഗൃഹപ്രവേശം നടക്കുന്നു. കൊല്ലം ജില്ലയിലെ ക്യു. എസ്. എസ് കോളനിയിലെ ഫ്‌ളാറ്റുകൾ ഡിസംബർ അവസാനം കൈമാറും. സംസ്ഥാനത്തെ വിവിധ തീരദേശ ജില്ലകളിൽ 898 ഭവന സമുച്ചയങ്ങളുടെ നിർമാണം പുരോഗമിക്കുകയാണ്.
89.80 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. 2363 പേർ വീടു നിർമാണത്തിനായി ഭൂമി കണ്ടെത്തിയിട്ടുണ്ട്. 1746 പേർ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കി. 601 പേർ ഭവന നിർമാണം പൂർത്തിയാക്കുകയും ചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു.
പൊന്നാനിയിലും തിരുവനന്തപുരം ബീമാപള്ളിയിലുമാണ് ഫ്്‌ളാറ്റുകൾ നിർമിച്ചത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലായാണ് വീടുകൾ നിർമിച്ചിരിക്കുന്നത്.