സംസ്ഥാനത്തു ഭക്ഷ്യ ദൗർലഭ്യമുണ്ടാകില്ല, മൂന്നു മാസത്തേക്കുള്ള ധാന്യം സ്റ്റോക്കുണ്ട് : ഭക്ഷ്യ മന്ത്രി

161

സംസ്ഥാനത്തു ഭക്ഷ്യ ദൗർലഭ്യമുണ്ടാകില്ലെന്നും മൂന്നു മാസത്തേക്ക് ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ സ്‌റ്റോക്കുണ്ടെന്നും ഭക്ഷ്യമന്ത്രി പി. തിലോത്തമൻ. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാൻ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ ദൗത്യം നിർവഹിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

1.18 ലക്ഷം മെട്രിക് ടൺ ഭക്ഷ്യധാന്യമാണ് ഒരു മാസത്തേക്കു കേരളത്തിലെ പൊതുവിതരണത്തിനായി എഫ്.സി.ഐ. ഗൗഡൗണുകളിൽനിന്ന് സിവിൽ സപ്ലൈസ് സംഭരണ കേന്ദ്രങ്ങളിലേക്കെത്തുന്നത്. ഏപ്രിൽ മാസത്തേക്കുള്ള ധാന്യം മാർച്ച് 15നു മുൻപുതന്നെ സ്റ്റോക്ക് ചെയ്തു കഴിഞ്ഞു. മേയിൽ വിതരണം ചെയ്യാനുള്ളത് ലിഫ്റ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്. ഇത് ഏപ്രിൽ 10നുള്ളിൽ പൂർത്തിയാക്കും.

കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മുൻഗണനേതര വിഭാഗങ്ങൾക്കും 15 കിലോ ഭക്ഷ്യധാന്യം സൗജന്യമായി നൽകണമെന്നു സർക്കാർ തീരുമാനിച്ചിരുന്നു. കേന്ദ്ര പൂളിൽനിന്ന് അധിക തുക നൽകിയാണ് സർക്കാർ ഇതിനുള്ള 50,000 മെട്രിക് ടൺ ഭക്ഷ്യധാന്യം ശേഖരിക്കുന്നത്. 130 കോടി രൂപ ഇതിനു മാത്രം ചെലവു വരും. 74000 മെട്രിക് ടൺ അരി സൗജന്യമായി നൽകണമെന്നു കേന്ദ്രത്തോടു സംസ്ഥാനം ആവശ്യപ്പെട്ടെങ്കിലും അതിനു കഴിയില്ലെന്നാണു കേന്ദ്രം അറിയിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാരിൽനിന്നുള്ള സൗജന്യ റേഷൻ മുൻഗണനാ വിഭാഗങ്ങൾക്കു മാത്രമാണു ലഭിക്കുന്നത്. മുൻഗണനേതര വിഭാഗങ്ങൾക്കുള്ള സൗജന്യ റേഷനുള്ള ബാധ്യത കേരളം തന്നെ വഹിക്കേണ്ടിവരും.

കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ മുൻഗണനാ വിഭാഗങ്ങൾക്ക് അഞ്ചു കിലോ ഭക്ഷ്യധാന്യം നൽകുമെന്നു പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഈ ധാന്യം വിതരണം ചെയ്യാനുള്ള നടപടികളും സർക്കാർ ആരംഭിക്കുകയാണ്. ഇതിനായി 2.31 ലക്ഷം മെട്രിക് ടൺ ധാന്യമാണ് അടുത്ത രണ്ടു മാസത്തിനുള്ളിൽ സംഭരിക്കേണ്ടിവരുന്നത്. സംസ്ഥാനത്തിന് അടുത്ത ആറു മാസത്തേക്ക് ആവശ്യമായ ഭക്ഷ്യധാന്യം നിലവിൽ എഫ്.സി.ഐ. ഗൗഡൗണുകളിലുണ്ട്.

എഫ്.സി.ഐ ഗോഡൗണുകളിൽനിന്ന് സിവിൽ സപ്ലൈസ് സംഭരണ കേന്ദ്രങ്ങളിലേക്കും അവിടെനിന്ന് റേഷൻ കടകളിലേക്കും യഥാസമയം ഭക്ഷ്യധാന്യങ്ങളെത്തിക്കുക എന്ന ചരിത്രപരമായ ദൗത്യമാണ് സിവിൽ സപ്ലൈസ് വകുപ്പ് ഏറ്റെടുത്തിരിക്കുന്നത്. ഇതിനു പുറമേയാണ് 87 ലക്ഷം കുടുംബങ്ങൾക്കുള്ള ഭക്ഷ്യധാന്യ കിറ്റുകൾ ഒരുക്കേണ്ടത്. ഇതിന് ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ മറ്റു സംസ്ഥാനങ്ങളിൽനിന്ന് കൊണ്ടുവരുന്നതിനുള്ള നടപടികളും നടക്കുന്നു. കമ്യൂണിറ്റി കിച്ചണുകളിലേക്ക് ആവശ്യമായ ഭക്ഷ്യ വസ്തുക്കളുടെ ലഭ്യതയും ഉറപ്പാക്കുന്നുണ്ട്.

സംസ്ഥാനത്തെ അതിഥി തൊഴിലാളികൾക്കുള്ള ഭക്ഷ്യലഭ്യതയും ഉറപ്പാക്കിയിട്ടുണ്ട്. ഇവർക്ക് റേഷൻ കാർഡ് ഉണ്ടെങ്കിൽ സംസ്ഥാനത്തെ റേഷൻ കടകളിൽനിന്നു സാധനങ്ങൾ വാങ്ങാം. നിലവിൽ രാജ്യത്തെ 12 സംസ്ഥാനങ്ങളിൽനിന്നുള്ള മുൻഗണനാ റേഷൻ കാർഡ് ഉടമകൾക്കാണു രാജ്യത്ത് എവിടെനിന്നും ഭക്ഷ്യധാന്യം വാങ്ങുന്നതിന് അനുമതി നൽകിയിട്ടുള്ളതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

അന്യസംസ്ഥാനങ്ങളിൽനിന്നുള്ള ചരക്കു വരവ് കുറഞ്ഞ സാഹചര്യത്തിൽ ഭക്ഷ്യധാന്യ ലഭ്യത ഉറപ്പാക്കാനുള്ള നടപടികൾ ഊർജിതമാക്കി. തമിഴ്‌നാട്ടിൽനിന്ന് പച്ചക്കറി വരുന്നതിനുള്ള തടസങ്ങൾ നീങ്ങിയത് ആശ്വാസകരമാണ്. പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും തടയുന്നതിനുള്ള നടപടികൾ സിവിൽ സപ്ലൈസ് വകുപ്പ് തുടങ്ങിക്കഴിഞ്ഞു. ലീഗൽ മെട്രോളജി വിഭാഗം കടകളിൽ പരിശോധന നടത്തുന്നുണ്ട്. കടകളിൽ വിലവിവര പട്ടിക പ്രദർശിപ്പിക്കണമെന്നും കർശന നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് സെക്രട്ടറി പി. വേണുഗോപാൽ, സിവിൽ സപ്ലൈസ് ഡയറക്ടർ ഡോ. നരസിംഹുഗരി ടി.എൽ. റെഡ്ഡി, ദിവ്യ എസ്. അയ്യർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

NO COMMENTS