ലണ്ടന്‍• ബ്രെക്സിറ്റുമായി ബന്ധപ്പെട്ട ചിന്തകളും സങ്കീര്‍ണമായ നടപടിക്രമങ്ങളും തന്റെ ഉറക്കം കുറയ്ക്കുന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ. ബ്രിട്ടനിലെ ഒരു പ്രമുഖ ദിനപത്രത്തിനു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണു പ്രധാനമന്ത്രിയുടെ ഈ തുറന്നു പറച്ചില്‍. യൂണിയനില്‍നിന്നു പുറത്തുകടക്കാനുള്ള ചര്‍ച്ചകളും നടപടികളും തികച്ചും സങ്കീര്‍ണമാണെന്നും രാജ്യം വെല്ലുവിളി നേരിടുന്ന ഘട്ടമാണ് ഇപ്പോഴുള്ളതെന്നും അവര്‍ വിശദീകരിച്ചു. മാറ്റത്തിന്റെ കാലഘട്ടമാണിത്. നിര്‍ണായകമായ ഈ ഘട്ടത്തില്‍ മികച്ച ഉടമ്ബടികള്‍ ലക്ഷ്യമിട്ടാണു സര്‍ക്കാരിന്റെ നീക്കങ്ങള്‍. എല്ലാവരുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന വിധത്തിലാകും ബ്രിട്ടന്റെ പ്രവര്‍ത്തനം. ബ്രെക്സിറ്റിന്റെ പശ്ചാത്തലത്തില്‍ പുതിയ ദൗത്യങ്ങളാണു ബ്രിട്ടന്റെ മുന്നിലുള്ളത്. ഇതില്‍ വിജയം കണ്ടെത്താനാകും എല്ലാ ശ്രമങ്ങളും. എന്നാല്‍ ഇത് ഏറെ ശ്രമകരമായ ദൗത്യമാണെന്നും പ്രധാനമന്ത്രി വിശദീകരിച്ചു.
ശരിയായ കാര്യങ്ങളാണോ ചെയ്യുന്നത് എന്നതാണു പ്രധാനകാര്യം. ശരിയാണു ചെയ്യുന്നത് എന്ന ഉത്തമ ബോധ്യമുണ്ടായാല്‍ അതിനുള്ള ഊര്‍ജവും ആത്മവിശ്വാസവുമുണ്ടാകും. അതു നല്‍കുന്ന സന്ദേശവും വ്യക്തമായിരിക്കുമെന്നും തെരേസ ചൂണ്ടിക്കാട്ടി.