മാഞ്ചസ്റ്റര്‍ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യം അതീവഗുരതരമായ ഭീഷണിയാണ് നേരിടുന്നതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ. രാജ്യത്ത് മറ്റൊരു ഭീകരാക്രമണം ഉണ്ടായേക്കാമെന്നും തെരേസമേ മുന്നറിയിപ്പ് നല്‍കി. മാഞ്ചസ്റ്ററില്‍ ഭീകരാക്രമണം നടത്തിയത് സല്‍മാന്‍ അബേദി എന്ന ഇരുപത്തിരണ്ടുകാരനാണെന്ന് പൊലീസ് വ്യക്തമാക്കി. മാഞ്ചസ്റ്റര്‍ ഭീകരാക്രമണത്തിന് പിന്നില്‍ സല്‍മാന്‍ അബേദ് മാത്രമാണെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ വിശ്വസിക്കുന്നില്ല. വലിയൊരു സംഘം ആക്രമണത്തിന് പിന്നിലുണ്ടെന്നും ഇനിയും രാജ്യത്ത് ആക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്നുമാണ് പൊലീസിന്റേയും സര്‍ക്കാരിന്റേയും വിലയിരുത്തല്‍.മാര്‍ച്ചില്‍ പാര്‍ലമെന്റിന് നേരെ നടന്ന ആക്രമണത്തേക്കാള്‍ ആസൂത്രിതമായൊരു ആക്രമണമാണ് മാഞ്ചസ്റ്ററില്‍ നടന്നതെന്നാണ് വിലയിരുത്തല്‍. അടിയന്തര സാഹചര്യം നേരിടുന്നതിന് ഓപ്പറേഷന്‍ ടെംപറര്‍റിന് തുടക്കമിട്ടതായും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് അറിയിച്ചു..രാജ്യത്തെ തന്ത്ര പ്രധാനമായ മേഖലകളിലെല്ലാം പട്ടാളത്തെ ഇറക്കി സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ജനങ്ങള്‍ ഭയക്കരുതെന്നും എന്നാല്‍ ജാഗ്രതവേണമെന്നും തെരേസ മെയ് പറഞ്ഞു. തെക്കന്‍ മാഞ്ചസ്റ്ററില്‍ പൊലീസ് നടത്തിയ റെയ്ഡില്‍, ആക്രമണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാളില്‍ നിന്ന് സ്ഫോടക വസ്തുക്കളും പൊലീസ് കണ്ടെടുത്തു. അടുത്തിടെ നടക്കാനിരിക്കുന്ന പൊതുപരിപാടികള്‍ക്കെല്ലാം പട്ടാളത്തിന്റെ സുരക്ഷ ഒരുക്കുമെന്നും തെരേസ മെയ് അറിയിച്ചു. മാഞ്ചസ്റ്ററില്‍ നടന്ന ചാവേറാക്രമണത്തില്‍ എട്ട് വയസ്സുകാരി ഉള്‍പ്പടെ 22 പേരാണ് തല്‍ക്ഷണം മരിച്ചത്. 59 പേര്‍ക്ക് പരുക്കേല്‍കുകയും ചെയ്തു.