ആടിയും പാടിയും അവര്‍ ഒത്തുചേര്‍ന്നു

95

കാസറകോട് : നീലേശ്വരം നഗരസഭയുടെയും നീലേശ്വരം താലൂക്ക് ആശുപത്രിയുടെയും ആഭിമുഖ്യത്തില്‍ കിടപ്പു രോഗികളുടെ കുടുംബ സംഗമം നടന്നു. പേരോല്‍ ഗവ: എല്‍.പി. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ആടിയും പാടിയും കിടപ്പു രോഗികളും കുടുംബാംഗങ്ങളും ചേര്‍ന്ന് വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചപ്പോള്‍ അത് രോഗികള്‍ക്ക് ആശ്വാ സത്തിന്റെ തുരുത്തും ആസ്വാദകര്‍ക്ക് പുതിയൊരനുഭവുമായി മാറി. നഗരസഭയുടെ വജ്രജൂബിലി ഫെലോഷിപ്പ് കലാപരിശീലന പരിപാടിയില്‍ പങ്കെടുക്കുന്ന കലാകാരന്മാരും പരിപാടിയില്‍ പങ്കാളികളായതോടെ പാലിയേറ്റീവ് സംഗമം അക്ഷരാര്‍ത്ഥത്തില്‍ കലാസംഗമമായി മാറി.

പരിപാടിയില്‍ നഗരസഭാ കൗണ്‍സിലര്‍മാരും നീലേശ്വരം താലൂക്കാശുപത്രി ഡോക്ടര്‍മാരും ജീവനക്കാരും ചേര്‍ന്ന് സമാഹരിച്ച ഭക്ഷ്യസാധനങ്ങള്‍ അടങ്ങിയ കിറ്റ് എല്ലാവര്‍ക്കും വിതരണം ചെയ്തു. രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 1991-92 എസ്.എസ്.എല്‍.സി. ബാച്ച്-സഹജരയുടെ വകയായി പുതപ്പുകളും ചടങ്ങില്‍ വിതരണം ചെയ്തു.

പാലിയേറ്റീവ് സംഗമവും കിറ്റ് വിതരണവും നഗരസഭാ ചെയര്‍മാന്‍ പ്രൊഫ: കെ.പി. ജയരാജന്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ വി. ഗൗരി അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ പി.പി. മുഹമ്മദ് റാഫി, പി.എം. സന്ധ്യ, ആരോഗ്യ വര്‍ക്കിംഗ് ഗ്രൂപ്പ് ചെയര്‍മാന്‍ എ.വി. സുരേന്ദ്രന്‍, കൗണ്‍സിലര്‍മാരായ പി. ഭാര്‍ഗ്ഗവി, എം.വി. വനജ, കെ.വി. സുധാകരന്‍, പി.വി. രാധാകൃഷ്ണന്‍, ഡോ. ജി.കെ. സീമ, മിനി ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

ആശാവര്‍ക്കര്‍ കെ. പ്രഭാവതി പ്രാര്‍ത്ഥനാഗീതം ആലപിച്ചു. താലൂക്ക് ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ: ജമാല്‍ അഹമ്മദ് സ്വാഗതവും, ജെ.എച്ച്.ഐ. രാകേഷ് തീര്‍ത്തങ്കര നന്ദിയും പറഞ്ഞു. സമാപന പരിപാടിയില്‍ നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ തോട്ടത്തില്‍ കുഞ്ഞിക്കണ്ണന്‍ അധ്യക്ഷനായി.

NO COMMENTS