തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ പദ്ധതികൾ മാതൃകാപരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജില്ലയിലെ 26 സ്‌കൂളുകൾക്കുള്ള ബസ് വിതരണ പദ്ധതിയായ സാരഥിയും മുഴുവൻ സ്‌കൂളുകളിലും ക്‌ളാസ് ലൈബ്രറി ഒരുക്കുന്ന സർഗവായന പദ്ധതിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസരംഗത്ത് നല്ല രീതിയിൽ ജില്ലാ പഞ്ചായത്തിന് ഇടപെടാൻ കഴിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഈ മേഖലയിൽ 130 കോടി രൂപയാണ് ചെലവഴിച്ചിരിക്കുന്നത്. വിദ്യാഭ്യാസ മേഖലയ്‌ക്കൊപ്പം മറ്റ് ഇടങ്ങളിലും കൃത്യമായ ഇടപെടൽ നടത്തിയതിനാലാണ് ദേശീയതലത്തിലുള്ള അംഗീകാരം ജില്ലാ പഞ്ചായത്തിന് ലഭിച്ചത്.
വിദ്യാർത്ഥികൾക്ക് സ്‌കൂളിലെത്താൻ ഇന്നത്തെ കാലത്ത് ബസ് അനിവാര്യമാണ്. ജില്ലാ പഞ്ചായത്ത് നൽകിയ ബസുകളുടെ കൃത്യമായ അറ്റകുറ്റപ്പണികളും മറ്റും നടത്തുന്നതിന് സ്‌കൂൾ അധികൃതരും പി. ടി. എയും ശ്രദ്ധിക്കണം. ഇതിനായി പ്രത്യേക ഫണ്ട് നീക്കിവയ്ക്കുന്നത് നന്നായിരിക്കും.
പൂർവ വിദ്യാർത്ഥി സംഘടനകളുടെ സഹകരണവും ക്‌ളാസ് ലൈബ്രറിക്കും സ്‌കൂൾ ബസ് ചെലവുകൾക്കും തേടാവുന്നതാണ്. പുസ്തകങ്ങൾ ശേഖരിച്ച് ക്രമമനുസരിച്ച് സ്‌കൂളുകളിൽ സൂക്ഷിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ക്‌ളാസ് ലൈബ്രറികൾക്കായി സ്‌കൂളുകൾ ശേഖരിച്ച പുസ്തകങ്ങൾ മുഖ്യമന്ത്രി ചടങ്ങിൽ ഏറ്റുവാങ്ങി. മാരായിമുട്ടം സ്‌കൂൾ, വിതുര, കല്ലറ വി. എച്ച്. എസ്. സി കൾ, നെടുവേലി ഹയർ സെക്കൻഡറി സ്‌കൂൾ, കിളിമാനൂർ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികൾ പുസ്തകങ്ങൾ കൈമാറി. വിതുര, പാളയംകുന്ന് സ്‌കൂൾ ബസുകളുടെ താക്കോൽദാനവും മുഖ്യമന്ത്രി നിർവഹിച്ചു.
തദ്ദേശസ്വയംഭരണ മന്ത്രി എ.സി. മൊയ്തീൻ അധ്യക്ഷത വഹിച്ചു. വിവിധ പുരസ്‌കാരങ്ങൾക്ക് അർഹരായവരെ മന്ത്രി ആദരിച്ചു. വി. കെ. പ്രശാന്ത് എം. എൽ. എ മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. കെ. മധു, ആസൂത്രണ സമിതിയംഗം ഡോ. കെ. എൻ. ഹരിലാൽ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, മറ്റു തദ്ദേശസ്ഥാപന പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.