തിരുവനന്തപുരം : എസ്.എഫ്.ഐ. പ്രവര്‍ത്തകന്‍ അഖിലിനെ കുത്തിവീഴ്ത്തിയ സംഭവത്തില്‍ മുഖ്യ പ്രതി ശിവരഞ്ജിത്ത്, നസീം എന്നിവര്‍ പിടിയിലായി. കേശവദാസപുരത്തെ ഒരു വീട്ടില്‍വെച്ചാണ് തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ ഇവര്‍ പിടിയിലായത്.
കുളത്തൂപ്പുഴ ഏഴംകുളം മാര്‍ത്താണ്ഡന്‍കര നിര്‍മാല്യത്തില്‍ അദ്വൈത് (19), കിളിമാനൂര്‍ പാപ്പാല ആദില്‍ മന്‍സിലില്‍ ആദില്‍ മുഹമ്മദ് (20), നെയ്യാറ്റിന്‍കര നിലമേല്‍ ദീപ്തി ഭവനില്‍ ആരോമല്‍ (18), നേമം ശിവന്‍കോവില്‍ ലെയ്‌ന്‍ എസ്.എന്‍. നിവാസില്‍ ഇജാബ് (21) എന്നിവരെ ഞായറാഴ്ച പകല്‍ത്തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതില്‍ ആദ്യ മൂന്നുപേര്‍ നാലുമുതല്‍ ആറുവരെ പ്രതികളാണ്. സംഭവത്തില്‍ പങ്കുള്ള കണ്ടാലറിയാവുന്ന 30 പ്രതികളില്‍ ഒരാളാണ് ഇജാബ്. ഇജാബിനെ കഴിഞ്ഞദിവസം രാത്രി വീട്ടില്‍നിന്നാണ് പിടികൂടിയത്.
സംഘംചേര്‍ന്ന് ആക്രമിച്ചതില്‍ ഇയാളുമുണ്ടായിരുന്നെങ്കിലും കുത്തിയത് ആരെന്നു കണ്ടില്ലെന്നാണ് ഇജാസ് മൊഴിനല്‍കിയത്. മറ്റുള്ളവര്‍ മുന്‍കൂട്ടി അറിയിച്ച് കീഴടങ്ങുകയായിരുന്നു. എന്നാല്‍, തീവണ്ടിയില്‍ സംസ്ഥാനത്തിനു പുറത്തേക്കു കടക്കാന്‍ ശ്രമിക്കുന്നതിനിടെ റെയില്‍വേ സ്റ്റേഷനിൽ നിന്നു പിടികൂടിയെന്നാണ് പോലീസിന്റെ വിശദീകരണം.