തിരുവനന്തപുരം: പതിനേഴാമതു ലോക്സഭാ തെരഞ്ഞെടുപ്പിന് നാടിളക്കി നടന്നുവന്ന പരസ്യ പ്രചാരണത്തിന് ഇന്നു കൊട്ടിക്കലാശം. ആഴ്ചകളായുള്ള പ്രചാരണ കോലാഹലങ്ങള്‍ക്ക് ഇന്നു വൈകുന്നേരം ആറോടെ സമാപനമാകും. 2,61,51,534 വോട്ടര്‍മാര്‍ ചൊവ്വാഴ്ച ബൂത്തിലേക്കു നീങ്ങും. 1,26,84,839 പുരുഷന്മാരും 1,34,66,521 സ്ത്രീകളും 174 ട്രാന്‍സ് ജെന്‍ഡേഴ്സുമാണ് അന്തിമ വോട്ടര്‍ പട്ടികയിലുള്ളത്.
ചൊവ്വാഴ്ച രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണു വോട്ട് ചെയ്യാന്‍ അവസരമുള്ളത്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍. 31,36,191 പേര്. കുറവ് വയനാട് ജില്ലയില്‍ 5,94,177 വോട്ടര്‍മാര്‍. മലപ്പുറത്തു തന്നെയാണു കൂടുതല്‍ സ്ത്രീ വോട്ടര്‍മാര്‍. 15,67,944. 18 വയസ് പൂര്‍ത്തിയായ 2,88,191 പേര് പുതിയ വോട്ടര്‍മാരായി എത്തി. ഭിന്നശേഷിക്കാരായ 1.35 ലക്ഷം വോട്ടര്‍മാരുണ്ട്.
സംസ്ഥാനത്ത് ഒട്ടാകെ 24,970 പോളിംഗ് ബൂത്തുകള്‍ ക്രമീകരിച്ചിട്ടുണ്ട്. മലപ്പുറത്തു തന്നെയാണ് കൂടുതല്‍ ബൂത്തുകള്‍. 2750 എണ്ണം. കുറവ് വയനാട്ടിലും 575. സ്ത്രീകള്‍ മാത്രം നിയന്ത്രിക്കുന്ന 240 ബൂത്തുകളുണ്ട്. തീവ്ര പ്രശ്നസാധ്യതാ ബൂത്തുകളിലും പ്രശ്നബാധിത ബൂത്തുകളിലും അടക്കം 3621 ബൂത്തുകളില്‍ വെബ്കാസ്റ്റിംഗ് സംവിധാനം ഒരുക്കും.