തിരുവനന്തപുരം: സെക്രട്ടേറിയറ്റ് വളപ്പിൽ അതിമനോഹരമായ ഒരു ഉദ്യാനമുണ്ട്. നൂറുകണക്കനു തരം പൂക്കളും പൂച്ചെടികളുമുള്ള ഈ മനോഹര ഉദ്യാനത്തിന്റെ നേർക്കാഴ്ച കനകക്കുന്നിലെ വസന്തോത്സവത്തിന്റെ നിറക്കാഴ്ചയാണ്. പൂത്തുലഞ്ഞു നിൽക്കുന്ന മാരിഗോൾഡും ഡാലിയയും സീനിയയുമൊക്കെ ആരുടേയും മനംകവരും.കനകക്കുന്നിലേക്കുള്ള പ്രവേശന കവാടത്തിൽനിന്നു തുടങ്ങി കൊട്ടാരത്തിനു ചുറ്റും പൂക്കളുടെ വർണവസന്തമൊരുക്കിയാണു ഗവൺമെന്റ് സെക്രട്ടേറിയറ്റ് വസന്തോത്സവത്തിനു ചാരുതയേകുന്നത്. വസന്തോത്സവത്തിലെ 18-ാം നമ്പർ എക്‌സിബിറ്ററാണു സെക്രട്ടേറിയറ്റ് ഗാർഡൻ. കനകക്കുന്നിൽ മുപ്പതോളം ഇടങ്ങളിൽ സെക്രട്ടേറിയറ്റിൽനിന്നുള്ള പൂക്കളുടെ മനോഹാരിതകാണാം.
മാരിഗോൾഡ്, ക്രൈസാന്തിമം, സെക്രട്ടേറിയറ്റിന്റെ തനതായ ബോഗൻവില്ല, ഇൻഡോർ സസ്യങ്ങളായ മരാന്ത, ട്രസീന, ആസ്റ്റർ, ഫെലോഷ്യ, എട്ടു നിറങ്ങളിലുള്ള ഡാലിയ തുടങ്ങി പൂച്ചെടികളുടെ വലിയ നിരതന്നെയുണ്ട് സെക്രട്ടേറിയറ്റ് ഗാർഡന്റെ വർണവിരുന്നിൽ. 25 ഇനം ചെമ്പരത്തികൾ, 20 ഇനം യൂഫോർബിയ, കാക്റ്റസ് ഇനങ്ങൾ എന്നിവയും പ്രത്യേകതകൾ.വിവിധ നിറങ്ങളിലും രൂപത്തിലുമുളള ഓർക്കിഡ് ഗ്യാലറിയും സെക്രട്ടേറിയറ്റ് ഗാർഡന്റെ പ്രദർശനത്തിലുണ്ട്. എട്ടു തരം ഓർക്കിഡാണു സെക്രട്ടേറിയറ്റിലുള്ളത്. വിവിധതരം ആന്തൂറിയവും റോസച്ചെടികളും ഇവിടെയുണ്ട്.
സെക്രട്ടറിയേറ്റ് ഗാർഡൻ വിഭാഗത്തിലെ ഇരുപത്തിരണ്ടോളം ജീവനക്കാരാണ് ചെടികളുടെ പരിപാലനത്തിനു ചുക്കാൻ പിടിക്കുന്നത്. ഗാർഡനർ എൻ. സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് കനകക്കുന്നിൽ ഉദ്യാനമൊരുക്കിയത്.