കൊളംബോ: കൊല്ലപ്പെട്ടവരില്‍ ഒരു മലയാളിയും ഉള്‍പ്പെടുന്നു. കാസര്‍ഗോഡ് മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി പി.എസ്. റസീന (61) ആണ് മരിച്ചത്. ഷാംഗ്രില ഹോട്ടലിലെ സ്ഫോടനത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. റസീന ഭര്‍ത്താവിനൊപ്പം ഹോട്ടലില്‍ നിന്ന് ചെക്ക് ഔട്ട് ചെയ്ത് പുറത്തിറങ്ങുമ്ബോളായിരുന്നു സ്ഫോടനമുണ്ടായത്.
സ്ഫോടന പരന്പരിയില് നാനൂറിലധികം പേര്‍ക്കാണ് പരിക്കേറ്റത്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ഞായറാഴ്ച രാവിലെ മൂന്ന് കത്തോലിക്ക പള്ളികളിലും മൂന്ന് പഞ്ചനക്ഷത്ര ഹോട്ടലിലുമാണ് ആക്രമണം ഉണ്ടായത്. പിന്നീട് രണ്ടു സ്ഥലങ്ങളിലും ആക്രമണമുണ്ടായി. സ്ഫോടനം തുടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് കര്‍ഫ്യൂ പ്രഖ്യാപിക്കുകയും ഇന്റര്‍നെറ്റ് സേവനങ്ങളും റദ്ദാക്കുകയും ചെയ്തു.
ഈസ്റ്റര്‍ പ്രാര്‍ഥനയ്ക്കിടെ ആയിരുന്നു പള്ളികളിലെ സ്ഫോടനം. കതാനയിലെ കൊച്ചികഡെ സെന്റ്. ആന്റണീസ് ദേവാലയം, കതുവപിട്ടിയ സെന്റ്. സെബാസ്റ്റ്യന്‍സ് ദേവാലയം, ബട്ടിക്കലോവയിലെ ദേവാലയം എന്നീ പള്ളികളിലായിരുന്നു സ്ഫോടനം നടന്നത്. സിനമണ്‍ ഗ്രാന്‍ഡ്, ഷാംഗ്രിലാ, കിംസ്ബറി പഞ്ചനക്ഷത്ര ഹോട്ടലുകളിലും സ്ഫോടനമുണ്ടായി. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്.
ക്രിസ്ത്യന്‍ പള്ളികള്‍ക്കു നേരെ ചാവേര്‍ ആക്രമണം ഉണ്ടാകുമെന്ന് 10 ദിവസങ്ങള്‍ക്കു മുമ്ബ് പോലീസിന് മുന്നറിയിപ്പ് ലഭിച്ചിരുന്നതാണ്. ക്രിസ്ത്യന്‍ പള്ളികളില്‍ നാഷണല്‍ തൗഹീത് ജമാത്ത് ഭീകരര്‍ ചാവേര്‍ സ്ഫോടനത്തിനു പദ്ധതിയിടുന്നതായി വിദേശ രഹസ്യാന്വേഷണ ഏജന്‍സിയാണ് പോലീസിന് റിപ്പോര്‍ട്ട് നല്‍കിയത്. കൊളംബോയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനു നേരെയും സ്ഫോടനം ഉണ്ടായേക്കുമെന്ന് പോലീസ് മേധാവി ഉദ്യോഗസ്ഥര്‍ക്ക് അയച്ച മുന്നറിയിപ്പ് സന്ദേശത്തില്‍ പറയുന്നു.