തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്ന കത്ത് എന്‍.സി.പി കൈമാറി

218

തിരുവനന്തപുരം: വിവാദമായ ഫോണ്‍ സംഭാഷണത്തെ തുടര്‍ന്ന് എ.കെ ശശീന്ദ്രന്‍ രാജിവെച്ച ഒഴിവില്‍ തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്ന് എന്‍.സി.പി ആവശ്യപ്പെട്ടു. ഇന്ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച എന്‍.സി.പി നേതാക്കള്‍ ഇത് സംബന്ധിച്ച കത്ത് കൈമാറി. അഞ്ച് മിനിറ്റ് മാത്രമാണ് നേതാക്കളും മുഖ്യമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച നീണ്ടുനിന്നത്. എന്നാല്‍ മാറിയ സാഹചര്യത്തില്‍ ഉചിതമായ തീരുമാനം മുഖ്യമന്ത്രി എടുക്കട്ടെ എന്നതാണ് എന്‍.സി.പി.യുടെ തീരുമാനം. ഇന്ന് ചേരുന്ന ഇടതു മുന്നണി യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും. പുതിയ മന്ത്രിയെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച് എന്‍.സി.പിയില്‍ ആശയക്കുഴപ്പമില്ലെന്ന് ഉഴവൂര്‍ വിജയന്‍ പറഞ്ഞു. മന്ത്രിയാരാണെന്ന് ദേശീയ നേതൃത്വം തീരുമാനിക്കും. പുതിയ സാഹചര്യം ചര്‍ച്ചചെയ്തു. ശശീന്ദ്രന്റെ രാജി ധാര്‍മ്മികമായി വിജയിച്ചെന്നും ഉഴവൂര്‍ വിജയന്‍ പറഞ്ഞു. അതേസമയം വീണ്ടും മന്ത്രിയാകാനുള്ള ചിന്ത ഇപ്പോഴില്ലെന്ന് എ.കെ ശശീന്ദ്രന്‍ പറഞ്ഞു. മന്ത്രിസഭയിലേക്കുളള പുനഃപ്രവേശനം ദൂരെയാണ്. താനൊരു പരാതിക്കാരനല്ലെന്നും കുടുക്കിയവര്‍ക്കെതിരെ പരാതി നല്‍കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്ന് എന്‍.സി.പി നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയാണ് ഇനി തീരുമാനം എടുക്കേണ്ടത്.

NO COMMENTS

LEAVE A REPLY