തിരുവനന്തപുരം• നോട്ടുനിരോധം കള്ളപ്പണവേട്ട എന്ന നിലയില്‍ പരാജയപ്പെട്ടിരിക്കുകയാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്. പഴയനോട്ടുകള്‍ കെട്ടി നീക്കം ചെയ്യുന്നതും പുതിയതിന്‍റെ അച്ചടിയും പ്രതിസന്ധി തീര്‍ക്കാന്‍ വിമാനത്തിലും ഹെലികോപ്റ്ററിലും ഒക്കെ നോട്ടു വിതരണത്തിന് എത്തിക്കേണ്ടിവന്നതും അടക്കമുള്ള ചെലവായി 1,28,000 കോടി രൂപ വരുമെന്ന് സെന്റര്‍ ഫോര്‍ മോണിട്ടറിങ് ഇന്ത്യന്‍ ഇക്കോണമി കണ്ടെത്തിയിരിക്കുന്നു. ഇതിനു പുറമേയാണ് ഒരു മാസത്തോളമായി ബാങ്കുകളുടെ വായ്പാവിതരണം അടക്കമുള്ള ദൈനംദിനപ്രവത്തനങ്ങള്‍ തടസപ്പെട്ടിരിക്കുന്നതുമൂലമുള്ള വരുമാനനഷ്ടം.ക്യാഷ് ഡെപ്പോസിറ്റ് അനുപാതം ഉയര്‍ത്താന്‍ കേന്ദ്രം തീരുമാനിച്ചതോടെ ബാങ്കുകള്‍ക്കു കിട്ടാമായിരുന്ന പലിശയും നഷ്ടമായി. സമ്പദ്ഘടനയുടെ വളര്‍ച്ചയില്‍ ഉണ്ടായിരിക്കുന്ന ഇടിവു രണ്ടു ശതമാനം എന്നു കണക്കാക്കിയാല്‍പ്പോലും രണ്ടരലക്ഷം കോടിയുടെ നഷ്ടം രാജ്യത്തിനുണ്ടാകും. ജനങ്ങള്‍ക്കുണ്ടായ അതിയായ ദുരിതങ്ങള്‍ വേറെയും.ഇത്രയൊക്കെ നഷ്ടം വരുത്തി നോട്ടു നിരോധിച്ചതുകൊണ്ട് ഒരുലക്ഷം കോടിയുടെ കള്ളപ്പണം പോലും കണ്ടെത്താന്‍ കഴിയില്ലെന്ന് ഇതിനകം വ്യക്തമായിരിക്കുകയാണ്. കാരണം, നിരോധിച്ച കറന്‍സിയില്‍ 65 ശതമാനവും ഏതാനും ദിവസം മുമ്ബുതന്നെ തിരിച്ചെത്തിക്കഴിഞ്ഞു. ഈ തോതിലാണെങ്കില്‍ 90-95 ശതമാനവും തിരിച്ചെത്താനാണു സാധ്യത. ശേഷിക്കുന്ന അഞ്ചു ശതമാനമാകും കള്ളപ്പണമായി കണ്ടെത്തപ്പെടുക. ഇത് ഒരുലക്ഷം കോടിയോളമേ വരൂ എന്ന് ഐസക്ക് വിശദീകരിച്ചു. ഇത്രയൊക്കെയായിട്ടും പ്രധാനമന്ത്രിക്കു മിണ്ടാട്ടമില്ലാത്തതെന്തെന്ന് അദ്ദേഹം ചോദിച്ചു. സര്‍ക്കാര്‍ ജനങ്ങളില്‍ പരിഭ്രാന്തി പരത്തുകയാണെന്ന ബിജെപി നേതാക്കളുടെ വിമര്‍ശനം മാധ്യമപ്രവര്‍ത്തകര്‍ മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോഴാണ് ഇങ്ങനെ പ്രതികരിച്ചത്. പ്രധാനമന്ത്രി ഈ സമയത്തും വിദേശത്താണ്. മൈതാനപ്രസംഗങ്ങള്‍ നടത്തുന്നതല്ലാതെ പ്രതിനിധിസഭകളില്‍പ്പോലും സംവാദത്തിനു തയാറാകുന്നില്ല. “തെറ്റുപറ്റിപ്പോയി എന്നു തുറന്നു സമ്മതിക്കുന്നതിനു പകരം ക്യാഷ്ലെസ് ഇക്കോണമി എന്നെല്ലാം അഭ്യാസങ്ങള്‍ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു പിടിച്ചുനില്‍ക്കാന്‍ നോക്കുകയാണ്. ഇത്തരം നിലപാടൊന്നും അംഗീകരിക്കാനാവില്ല. അതു ബിജെപി ഭരിക്കുന്ന വല്ല സംസ്ഥാനത്തും നടക്കുമായിരിക്കും.” ഐസക്ക് പറഞ്ഞു.