തിരുവനന്തപുരം: ബജറ്റ് ചോര്‍ച്ചാ വിവാദത്തിലെ നിയമലംഘനം പരിശോധിക്കാൻ ചീഫ് സെക്രട്ടറി നിയമോപദേശം തേടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയിലാണ് നടപടി. ബജറ്റ് ചോര്‍ച്ചയിൽ ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ച ധനമന്ത്രി തോമസ് ഐസകിനെ പ്രോസിക്യൂട്ട് ചെയ്യണമെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിലെ ആവശ്യം. ബജറ്റ് രേഖകള്‍, അവ ഔദ്യോഗികമായി നിയമസഭയില്‍ അവതരിപ്പിക്കുന്നതിനുമുമ്പ് ചോര്‍ത്തുക എന്നത് 1923 ലെ ഒഫിഷ്യല്‍ സീക്രറ്റ്‌സ് ആക്ടിലെ 5(2), 5(1) (b), വകുപ്പുകള്‍ ,ഐ.പി.സി.യിലെ 120(B) വകുപ്പ് എന്നിവ പ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണെന്നാണ് ചെന്നിത്തലയുടെ വാദം. നിയമസഭയിൽ നാളെ ബജറ്റ് ചര്‍ച്ച തുടങ്ങാനിരിക്കെ പ്രശ്നം ആളിക്കത്തിക്കാൻ തന്നെയാണ് പ്രതിപക്ഷ നീക്കമെന്നാണ് സൂചന