കൊച്ചി: ജിഎസ്ടിയുടെ വരവ് കേരളത്തിനു ഗുണകരമാണെന്ന് ധനമന്ത്രി തോമസ് ഐസക്. കേരളത്തിന്റെ നികുതി വരുമാനം പ്രതിവര്‍ഷം 20 ശതമാനം വച്ച് വര്‍ധിക്കുമെന്നും ഈ വളര്‍ച്ച നാല് വര്‍ഷത്തേക്ക് നിലനിര്‍ത്താന്‍ സാധിച്ചാല്‍ നിലവിലെ സാന്പത്തികകമ്മി മറികടക്കുവാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജിഎസ്ടിയുടെ സംസ്ഥാനതല ഉദ്ഘാടനം കൊച്ചിയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിഎസ്ടി നടപ്പാക്കാന്‍ കേരളം വേണ്ടത്ര തയാറെടുപ്പുകള്‍ നടത്തിയിട്ടുണ്ട്. രണ്ടോ മൂന്നോ മാസം കൊണ്ട് ജിഎസ്ടിയിലെ ആശയക്കുഴപ്പങ്ങളും അങ്കലാപ്പുകളും സാധിക്കും. ജിഎസ്ടിയെ സ്വീകരിക്കാന്‍ ഏറ്റവും നന്നായി തയാറെടുത്ത സംസ്ഥാന കേരളമാണ്. മറ്റു പല സംസ്ഥാനങ്ങളും ഇക്കാര്യത്തില്‍ പ്രാരംഭദിശയിലാണ്. കച്ചവടം എവിടെ നടക്കുന്നുവോ അവിടെ നികുതി നല്‍കണം എന്നതാണ് ജിഎസ്ടിയില്‍ പറയുന്നത്. സ്വാഭാവികമായും ഇന്ത്യയില്‍ എവിടെ ഒരു ചരക്ക് ഉത്പാദിപ്പിച്ചാലും അത് കേരളത്തിലുള്ളയാള്‍ വാങ്ങുന്പോള്‍ അതിന്റെ നികുതി നമ്മുക്ക് ലഭിക്കും- ധനമന്ത്രി പറഞ്ഞു. കേരളത്തിന് പുറത്തൊരു നഗരത്തില്‍ വച്ച് സാധനം വാങ്ങിയാലും ബില്ലില്‍ കൊടുക്കുന്ന മേല്‍വിലാസം കേരളത്തിലേതാണെങ്കില് ജിഎസ്ടി സംസ്ഥാനത്തിന് നികുതി ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.