കേരളത്തില്‍ മിസോറം ലോട്ടറി വില്‍പന നിയമവിരുദ്ധമെന്ന് തോമസ് ഐസക്

198

തിരുവനന്തപുരം : കേരളത്തില്‍ മിസോറം ലോട്ടറി വില്‍പന നിയമവിരുദ്ധമെന്ന് ധനമന്ത്രി തോമസ് ഐസക്. സര്‍ക്കാരിന്‍റെ അനുമതി തേടാതെയാണ് വില്‍പന. ചട്ടം പാലിക്കാതെ പരസ്യം നല്‍കി വില്‍ക്കുന്നത് ആരെന്ന് പൊലീസ് അന്വേഷിക്കും. കേരള ലോട്ടറി വില്‍ക്കുന്നവര്‍ മിസോറം ലോട്ടറി വില്‍ക്കാന്‍ പാടില്ലെന്നും ധനമന്ത്രി പറഞ്ഞു. ഇവിടെയെത്തുന്നത് മിസോറം ലോട്ടറിയല്ലെന്നും സാന്തിയാഗോ മാർട്ടിന്റെ ലോട്ടറിയാണെന്നും തോമസ് ഐസക് വ്യക്തമാക്കി. അതേസമയം, ഇതര സംസ്ഥാന ലോട്ടറികളുടെ വിൽപനയ്ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സംസ്ഥാന സർക്കാർ വിജ്ഞാപനമിറക്കി. വിൽപനയ്ക്കെത്തിക്കുന്ന ലോട്ടറികളുടെ എണ്ണവും സീരിയൽ നമ്പരും നികുതി വകുപ്പിന് കൈമാറണമെന്ന് വിജ്ഞാപനം . വിൽക്കാതെ ബാക്കിവരുന്ന ടിക്കറ്റുകള്‍ പരിശോധനയ്ക്ക് ഹാജരാക്കണം. മിസോറാം ലോട്ടറി സംസ്ഥാനത്ത് എത്തിയതിന് പിന്നാലെയാണ് ധനവകുപ്പിന്റെ നടപടി. കേരള സംസ്ഥാന ഭാഗ്യക്കുറിക്ക് 12 ശതമാനവും ഇതര സംസ്ഥാന ലോട്ടറിയ്ക്ക് 28 ശതമാനവും നികുതി ജിഎസ്ടിയിൽ ഏർപ്പെടുത്തിയ സാഹചര്യത്തിൽ ഇതരസംസ്ഥാന ലോട്ടറികൾ ഇവിടേയ്ക്ക് എത്തില്ലെന്നായിരുന്നു ധനവകുപ്പിന്റെ കണക്കുകൂട്ടൽ. എന്നിട്ടും ഇതരസംസ്ഥാന ലോട്ടറി വിൽപനയ്ക്ക് എത്തിയതോടെയാണ് സർക്കാർ പുതിയ വിജ്ഞാപനം ഇറക്കിയത്. ടിക്കറ്റുകളുടെ എണ്ണം, സീരിയൽ നമ്പർ എന്നിവ അതതു മേഖലയിലെ ഡപ്യൂട്ടി ടാക്സ് കമ്മീഷണർക്കുമുന്നിൽ ഹാജരാക്കണം. വിപണിയിലേക്ക് പോകുന്നതിന് മുമ്പ് ഇതിന്റെ നേരിട്ടുള്ള പരിശോധന നടത്തും. കേന്ദ്ര ലോട്ടറി നിയമം പാലിച്ചാണോ വിൽപന എന്ന് വ്യക്തമാക്കുന്ന രേഖകളും നൽകണം. വിൽപനയ്ക്കുശേഷം ബാക്കിവരുന്ന ടിക്കറ്റുകൾ നറുക്കെടുപ്പിന് 48 മണിക്കൂറിനുശേഷം ഡപ്യൂട്ടി കമ്മീഷണർക്കു മുന്നിൽ ഹാജരാക്കണം. ലോട്ടറി വിറ്റില്ലെന്നു പറഞ്ഞ് നികുതി വെട്ടിക്കുന്നത് ഇതോടെ ഒഴിവാക്കാനാകുമെന്ന് ധനവകുപ്പ് കണക്കുകൂട്ടുന്നത്.

NO COMMENTS