തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ജപ്തി ഭീഷണിയെത്തുടർന്ന് ജീവനൊടുക്കാൻ ശ്രമിച്ച വിദ്യാർഥിനി മരിക്കുകയും അമ്മയ്ക്ക് ഗുരുതര പൊള്ളലേൽക്കുകയും ചെയ്ത സംഭവത്തിൽ സർക്കാർ വിശദീകരണം തേടുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്.
കിടപ്പാടം ജപ്തി ചെയ്യരുതെന്നാണ് സർക്കാർ നയമെന്നും ഇക്കാര്യം ബാങ്കേഴ്സ് സമിതിയിൽ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പ്രതികരിച്ചു.
മാരായമുട്ടം സ്വദേശി ചന്ദ്രന്റെ മകൾ വൈഷ്ണവി (19) ആണു തീ കൊളുത്തി മരിച്ചത്. ചന്ദ്രന്റെ ഭാര്യ ലേഖയെ ഗുരുതര പൊള്ളലുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ശരീരത്തിൽ 90 ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം.
15 വർഷം മുന്പ് വീട് വയ്ക്കാൻ അഞ്ചു ലക്ഷം രൂപയാണ് ചന്ദ്രൻ നെയ്യാറ്റിൻകരയിലെ കാനറാ ബാങ്കിൽനിന്ന് വായ്പ എടുത്തിരുന്നു. ഇതുവരെ എട്ടു ലക്ഷം രൂപ തിരിച്ചടച്ചു. 2010-ലാണ് തിരിച്ചടവ് മുടങ്ങിയത്. തിരിച്ചടക്കേണ്ട കാലാവധി കഴിഞ്ഞതോടെ ബാങ്ക് ജപ്തി നോട്ടീസ് അയയ്ക്കുയായിരുന്നു. ഇനിയും നാലു ലക്ഷം രൂപ കൂടി അടയ്ക്കാനുണ്ടെന്നാണ് ബാങ്ക് ഉദ്യോഗസ്ഥർ പറയുന്നത്.